Kozhikode

വടകരയിലെ യുവാവിന്റെ തിരോധാനം; അന്വേഷണം നടത്തണമെന്ന് കർമസമിതി ഭാരവാഹികൾ

Please complete the required fields.




വടകര : വടകരയിലെ സ്വകാര്യകമ്പനി ദുബായിൽ ജോലിക്കായി പറഞ്ഞയച്ച യുവാവിന്റെ തിരോധാനത്തെക്കുറിച്ച് കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

മൂടാടി ഗ്രാമപ്പഞ്ചായത്തിലെ നന്തി പുത്തലത്ത് (അമ്പാടിയിൽ) കോരച്ചൻകണ്ടി സതീഷിന്റെയും പ്രമീളയുടെയും മകൻ അമൽ സതീഷിനെയാണ്‌ (29) കാണാതായത്. ഒക്ടോബർ 20-നാണ് അമൽ സതീഷ് ദുബായിൽനിന്ന് അവസാനമായി അമ്മയെ വിളിച്ചത്. പിന്നീട് വിവരമൊന്നുമില്ല. അമലിനെ ദുബായിലേക്ക് അയച്ച വടകരയിലെ സ്വകാര്യ കമ്പനി അധികൃതരുമായി ബന്ധുക്കൾ സംസാരിച്ചപ്പോൾ അവരും കൈമലർത്തുകയാണെന്ന് കർമസമിതി ഭാരവാഹികൾ ആരോപിച്ചു.

2022 ജനുവരി 10-നാണ് അമൽ വടകരയിലെ സ്വകാര്യകമ്പനിയുടെ ഇന്റവ്യൂവിൽ പങ്കെടുത്തത്. സെലക്‌ഷൻ കിട്ടിയതിനെത്തുടർന്ന് മാർച്ച് 20-ന് ദുബായിലേക്ക് പോകുകയും ചെയ്തു. ദുബായ് ഇന്റർനാഷണൽ സിറ്റിയിലെ ജീ പാസ് കോസ്മോ ഷോറൂമിലായിരുന്നു ജോലി. വ്യവസ്ഥയിൽ പറഞ്ഞതിനെക്കാൾ കൂടുതൽ സമയം ജോലിചെയ്യേണ്ടിവന്നതുമൂലം അമൽ ശാരീരികമായും മാനസികമായും അവശനായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

തുടർന്ന് നാട്ടിലേക്ക് പോകാനാവശ്യപ്പെട്ടെങ്കിലും രണ്ട് വർഷത്തേക്ക് എഗ്രിമെന്റ് ഉള്ളതിനാൽ ലീവ് അനുവദിക്കാനാവില്ലെന്ന് കമ്പനി അധികൃതർ അറിയിച്ചു. മകന്റെ ശാരീരിക അവശതയറിഞ്ഞ് അച്ഛൻ സതീശൻ കമ്പനി അധികൃതരുമായി സംസാരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ, അമൽ നാട്ടിൽ വന്നാൽ തിരിച്ച് ദുബായിലേക്ക് പറഞ്ഞയക്കണമെന്ന വ്യവസ്ഥയിൽ, ഒക്ടോബർ 20-നകം ലീവ് അനുവദിക്കാമെന്ന് അറിയിക്കുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തിൽ അമൽ പാസ്പോർട്ടിനായി കമ്പനി അധികൃതരെ സമീപിച്ചെങ്കിലും കൊടുക്കാൻ അവർ തയ്യാറായില്ലെന്നാണ്‌ ബന്ധുക്കൾ ആരോപിക്കുന്നത്. ഇതുമൂലം മാനസികമായും ശാരീരികമായും പ്രയാസത്തിലായ അമൽ സതീഷ് അവസാനമായി ഇക്കഴിഞ്ഞ ഒക്ടോബർ 20-ന് കാലത്ത് വീട്ടുകാരെ വിളിച്ച് പ്രയാസങ്ങൾ അറിയിച്ചിരുന്നു. അതിനുശേഷം അമലിന്റെ ഫോൺ നിശ്ശബ്ദമാകുകയായിരുന്നു.

പിന്നീട് ഇതുവരെ അമലിനെക്കുറിച്ച് ഒരുവിവരവും ഉണ്ടായിട്ടില്ല. വടകര എം.പി. കെ. മുരളീധരൻ, കാനത്തിൽ ജമീല എം.എൽ.എ. കൊയിലാണ്ടി, പോലീസ് എന്നിവർക്കെല്ലാം ബന്ധുക്കൾ പരാതി നൽകിയെങ്കിലും മകനെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് അച്ഛൻ സതീഷ് പറഞ്ഞു.

പ്രവാസിസംഘടനകളുടെ നേതൃത്വത്തിൽ ദുബായിലും അന്വേഷണം നടത്തിയിരുന്നു. അമൽ സതീഷിന്റെ തിരോധാനത്തെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തണമെന്നാണ് കർമസമിതിയുടെ ആവശ്യം. പത്രസമ്മേളനത്തിൽ കർമസമിതി ചെയർമാൻ കൂടിയായ മൂടാടി ഗ്രാമപ്പഞ്ചാത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാർ, ജനറൽ കൺവീനറും വാർഡ് മെമ്പറുമായ എം.കെ. മോഹനൻ, ആർ.പി.കെ. രാജീവ്കുമാർ, അഷറഫ് ചിപ്പു, അച്ഛൻ സതീഷ് എന്നിവരും പങ്കെടുത്തു.

Related Articles

Leave a Reply

Back to top button