
സംസ്ഥാനം ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന പട്ടയമേള ഉദ്ഘാടനം തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
അർഹരായവർക്ക് എല്ലാം പട്ടയം നൽകുന്നത് അതീവ പ്രാധാന്യത്തോടെയാണ് സർക്കാർ കണക്കാക്കിയിട്ടുള്ളത്. ഭൂമിയില്ലാത്തവരെ കണ്ടെത്തി അവർക്കുള്ള ഭൂമി കണ്ടെത്തൽ, ആവശ്യമായ അനുമതി, രേഖ എന്നിവ ലഭ്യമാക്കൽ, വ്യവഹാരങ്ങളിൽ ഉൾപ്പെട്ട ഭൂമിയാണെങ്കിൽ തീർപ്പ് ഉണ്ടാക്കൽ എന്നിങ്ങനെ ഒരേസമയം നിർവഹിച്ചാണ് പ്രവർത്തികൾ ത്വരിതപ്പെടുത്തുന്നത്.
പാർപ്പിടം, വ്യവസായം, വാണിജ്യം, പൊതുവിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് കേരളത്തിൽ ഭൂമിയുടെ അളവ് പരിമിതമാണ്. ഈ സാഹചര്യത്തിലാണ് എല്ലാവർക്കും ഭൂമി ലഭ്യമാക്കുകയെന്ന ശ്രമകരമായ ദൗത്യം സർക്കാർ പ്രഖ്യാപിച്ചത്. ക്ലേശകരമായ കാര്യങ്ങളും നടപ്പാക്കുന്ന സർക്കാരാണ് ഇത്. സാമൂഹിക ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകി പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ട് പോകും.
കടുത്ത സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്നുണ്ടെങ്കിലും ആരുടെയും മുന്നിൽ ദയാവായ്പിനായി നിൽക്കില്ല. അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ ഭരണഘടന അനുശാസിക്കുന്ന കാര്യങ്ങൾ ലഭിച്ചേ പറ്റൂ. കേന്ദ്രസർക്കാർ ഫെഡറൽ തത്വങ്ങൾക്കെതിരെയുള്ള സമീപനമാണ് സ്വീകരിക്കുന്നത്. സംസ്ഥാനത്തിന് സ്വാഭാവികമായും നൽകേണ്ട വിഹിതവും നൽകുന്നില്ല. ചില സംസ്ഥാനങ്ങൾക്ക് മാത്രം അനിയന്ത്രിതമായി വിഹിതം നൽകുന്ന നിലപാട് വ്യക്തമാണ്. രാഷ്ട്രീയ വ്യത്യാസങ്ങൾ ജനങ്ങൾക്കെതിരെ ഉപയോഗിക്കരുത്. പ്രതിസന്ധി ഘട്ടങ്ങളിൽ പോലും കൂടെ നിൽക്കേണ്ടവർ സർക്കാരിനെ എതിർക്കുന്ന നിർഭാഗ്യകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ ജനങ്ങൾ ഒറ്റക്കെട്ടായി ഇത്തരം സമീപനത്തിനെതിരെ അണിനിരക്കും. കേരളത്തെ തകർക്കാനുള്ള ശ്രമങ്ങളിൽ പതറാതെ വികസന ക്ഷേമ മേഖലകളിൽ നേട്ടം കൈവരിക്കുന്നത് തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.





