കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജിൽ തെരുവുനായ വിളയാട്ടം തുടരുന്നു; ഒരാഴ്ചയ്ക്കിടെ കടിയേറ്റത് നാലു ഡോക്ടർമാർക്ക്

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജിൽ ഡോക്ടർക്കു നേരെ വീണ്ടും തെരുവുനായയുടെ ആക്രമണം. ഇവിടെ ഒരാഴ്ചയ്ക്കിടെ നാലാമത്തെ ഡോക്ടറെയാണ് നായ്ക്കൾ ആക്രമിക്കുന്നത്. കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസോഷ്യേറ്റ് പ്രഫസർ ഡോ. വി.ബിന്ദുവിനാണ് ഇന്നലെ നായയുടെ കടിയേറ്റത്. ഇടതു കാൽമുട്ടിനു സമീപം മുറിവേറ്റു.വൈകിട്ട് നാലോടെ മെഡിക്കൽ കോളജ് ലേണിങ് റിസോഴ്സ് സെന്റർ (എൽആർസി) വളപ്പിൽ നിർത്തിയിട്ട കാറിന് അടുത്തേക്കു പോകവേയാണ് നായ്ക്കൾ ആക്രമിച്ചത്.
ഇതിൽ ഒരു നായ കാലിൽ കടിച്ചു. വസ്ത്രം കീറി കാലിന് ആഴത്തിലുള്ള മുറിവുമേറ്റു. കഴിഞ്ഞ വെള്ളിയാഴ്ച അനാട്ടമി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസറെ നായ ആക്രമിച്ചതും ഇവിടെ നിന്നായിരുന്നു. കടിയേറ്റ ഡോ. ബിന്ദു ചികിത്സ തേടി. തെരുവുനായയുടെ കടിയേറ്റവർക്ക് ചികിത്സ നൽകുന്നതും ഇവരുടെ വകുപ്പിലാണ്. പേപ്പട്ടി വിഷബാധയ്ക്കുള്ള കുത്തിവയ്പിനു പുറമേ ഇമ്യൂണോ ഗ്ലോബിലിൻ കുത്തിവയ്പു കൂടി എടുത്തു.
മെഡിക്കൽ കോളജിൽ എൽആർസി വളപ്പിൽ നിർത്തിയിടുന്ന കാറുകൾക്ക് താഴെയാണു നായ്ക്കളുടെ താവളം. ഇവിടേക്ക് വരുന്നവരെയാണ് നായ്ക്കൾ ആക്രമിക്കുന്നത്. തെരുവുനായയുടെ ആക്രമണത്തെ തുടർന്ന് ഭയപ്പാടോടെയാണ് ക്യാംപസിലൂടെ സഞ്ചരിക്കുന്നതെന്ന് ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ പറയുന്നു. തെരുവു നായ ശല്യത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. അസ്മ റഹീം പ്രിൻസിപ്പലിന് പരാതി നൽകി. തെരുവു നായ്ക്കളിൽ നിന്നു സ്വയം രക്ഷയ്ക്കായി കാലൻ കുടയുമായാണ് അനാട്ടമി വിഭാഗത്തിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ നടക്കുന്നത്. ഇങ്ങനെ കുടയുമേന്തിയാണ് തെരുവുനായ ശല്യത്തിനെതിരെ അനാട്ടമി വിഭാഗം മേധാവി ഡോ. പി.ആർ.ആശാലത പ്രിൻസിപ്പലിന് പരാതി നൽകിയത്.
ഗവ. മെഡിക്കൽ കോളജ് ക്യാംപസിലെ തെരുവുനായ ശല്യം അവസാനിപ്പിക്കാൻ നഗരസഭാ സെക്രട്ടറി അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഡോക്ടർമാർക്കും രോഗികൾക്കും മറ്റു ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തെരുവുനായ ശല്യം എത്രയും വേഗം അവസാനിപ്പിച്ച ശേഷം നഗരസഭാ സെക്രട്ടറി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. 29ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. മെഡിക്കൽ കോളജിലെ ഡോക്ടർക്ക് നേരെ തെരുവുനായ ആക്രമണമുണ്ടായതുമായി ബന്ധപ്പെട്ട വാർത്തയെ തുടർന്ന് അടിസ്ഥാനത്തിൽ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.





