
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ഫുട്പാത്തിലൂടെ നിയമം ലംഘിച്ചെത്തിയ സ്കൂട്ടര്‍ വയോധിക തടഞ്ഞ സംഭവത്തിൽ സ്കൂട്ടര്‍ ഉടമക്കെതിരെ കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്.
പ്രഭാവതിയമ്മ സ്കൂട്ടര്‍ തടഞ്ഞ ദൃശ്യം പ്രചരിച്ചതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. രേഖകളുമായി ഹാജരാകാന്‍ സ്കൂട്ടര്‍ ഉടമയോട് ആവശ്യപ്പെട്ടതായി മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.
ഇയാളെ ഡ്രൈവിംഗ് പരിശീലനത്തിനയയ്ക്കും. തിരക്കേറിയ ജംഗ്ഷനുകളില്‍ മഫ്തിയില്‍ ഉദ്യോഗസ്ഥരെ നിയമിക്കാനും പൊലീസുമായി ചേര്‍ന്ന് പരിശോധന നടത്താനും തീരുമാനമടുത്തു. നിയമ ലംഘനങ്ങളില്‍ കര്‍ശന നടപടിയെന്നും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
എരഞ്ഞിപ്പാലം സ്വദേശിനിയായ കൊയ്യേരി പ്രഭാവതിയമ്മയാണ് (70) തന്റേടത്തോടെയുള്ള ഈ ഇടപെടലിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായത്. കഴിഞ്ഞ ദിവസം ട്രാഫിക് സിഗ്നലിലെ തിരക്ക് ഒഴിവാക്കാൻ കാൽനടയാത്രക്കാർക്കുള്ള ഫുട്പാത്തിലൂടെ സ്കൂട്ടർ കയറ്റി വന്ന യുവാവിനെ പ്രഭാവതിയമ്മ തടയുകയായിരുന്നു.സ്‌കൂട്ടർ പിന്നോട്ടെടുക്കാതെ താൻ വഴിമാറില്ലെന്ന ഉറച്ച നിലപാട് ഇവർ സ്വീകരിച്ചതോടെ ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാർ ഇത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. നിമിഷങ്ങൾക്കകം വൈറലായ വീഡിയോയ്ക്ക് പിന്നാലെ പ്രഭാവതിയമ്മയുടെ ധീരതയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
“നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും മുതിർന്നവർ കാണിക്കുന്ന ഇത്തരം മാതൃകകൾ സമൂഹത്തിന് ആവശ്യമാണെന്നും” സോഷ്യൽ മീഡിയ ഒന്നടങ്കം കുറിക്കുന്നു.





