Kozhikode

കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു

Please complete the required fields.




കോഴിക്കോട് : തൊണ്ടയാട് ദേശീയപാതാ ബൈപ്പാസിനുസമീപം നെല്ലിക്കോട് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ കുന്നിടിച്ചുള്ള കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് ഇതരസംസ്ഥാനത്തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ ജൽപാഗുഡി ജില്ലയിലെ ലേജർ കച്ചുവ (26) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അലക്സിസ് (22), ആദേശ് (25) എന്നിവർ ഓടിമാറിയതിനാൽ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ഫ്ളാറ്റ് സമുച്ചയ നിർമാണസ്ഥലത്ത് അപകടമുണ്ടായത്. കൂടുതൽ തൊഴിലാളികൾ ഉണ്ടാവാറുണ്ടായിരുന്ന സ്ഥലത്ത് ഞായറാഴ്ചയായതുകൊണ്ടാണ് മൂന്നുപേർമാത്രമായത്.

ഇവർ ജോലിചെയ്തുകൊണ്ടിരിക്കുന്നതിനിടെ വലിയശബ്ദത്തോടെ കൂറ്റൻ ചീടിക്കല്ലുകളും മണ്ണും ഇടിഞ്ഞുവീഴുകയായിരുന്നു. ഒപ്പം സമീപത്തെ റോഡും നാല്‌ വൈദ്യുതത്തൂണുമുൾപ്പെടെ വീടിന്റെ പറന്പും ഇടിഞ്ഞുവീണു. അഞ്ചുവീട്ടിലേക്കുള്ള വഴിയില്ലാതായി. ബാക്കി രണ്ട്‌ വീട്‌ അപകടഭീഷണിയിലുമാണ്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടയിൽത്തന്നെ മൂന്നുതവണ വലിയ മണ്ണിടിച്ചിലുണ്ടായി. അഗ്നിരക്ഷാസേനയും മാധ്യമപ്രവർത്തകരും ഓടിമാറുകയായിരുന്നു. ഒരു അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.മഴയിൽ മണ്ണ്‌ കുതിർന്നുനിൽക്കുകയായിരുന്നു. എന്നിട്ടും ഒരുവിധ സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെയാണ് നിർമാണപ്രവൃത്തി നടത്തിയത്. പാറ ഇടിഞ്ഞുവീഴുന്ന ശബ്ദംകേട്ട് ഓടിമാറിയതിനാലാണ് രക്ഷപ്പെട്ടതെന്ന് അലക്സിയും ആദേശും പറഞ്ഞു. സംഭവംനടന്ന് രണ്ടുമണിക്കൂറിനകംതന്നെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് മൃതദേഹം പുറത്തെടുത്തു.

44 സെന്റ് സ്ഥലത്ത് 61 ഫ്ളാറ്റുള്ള 14 നില സമുച്ചയമാണ് ഇവിടെ നിർമിക്കുന്നതെന്ന് സ്ഥലവാസികൾ അറിയിച്ചു. പോൾതോമസ് എന്നയാൾ മാനേജിങ് ഡറക്ടറായ റീഗേറ്റ്‌ ലോറൽഹെവൻ എന്ന സ്ഥാപനമാണ് ഇവിടെ ഫ്ളാറ്റ്‌ നിർമിക്കുന്നത്. പ്രദേശവാസിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അനധികൃതമായി മണ്ണെടുക്കുന്നതിനെതിരേ ദുരന്തനിവാരണനിയമപ്രകാരം നടപടിയാവശ്യപ്പെട്ടുകൊണ്ട് നെല്ലിക്കോട് വില്ലേജ് ഓഫീസർ കളക്ടർക്ക് റിപ്പോർട്ടുനൽകിയിരുന്നു. എന്നാൽ, പരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്നുപറഞ്ഞാണ് നിർമാണംതുടർന്നത്. സ്ഥലം പൂർണമായി അടച്ചുകെട്ടി നിർമാണംതുടരുകയായതിനാൽ ഉള്ളിൽനടക്കുന്നതൊന്നും ആളുകൾ അറിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസവും ഇവിടെ മണ്ണിടിച്ചിലുണ്ടായിരുന്നു. അത് പുറത്തറിയിക്കാതെ പ്രവൃത്തിതുടരാൻ വന്നപ്പോഴാണ് ഞായറാഴ്ച മണ്ണിടിച്ചിലുണ്ടായതെന്ന് സംശയിക്കുന്നതായി കോഴിക്കോട് തഹസിൽദാർ പ്രേംലാൽ പറഞ്ഞു. അശാസ്ത്രീയമായാണ് മണ്ണെടുത്തതെന്ന് തഹസിൽദാർ പറഞ്ഞു. തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. നിർമാണസ്ഥലം പൂട്ടി മുദ്രവെച്ചു.

Related Articles

Back to top button