
ചെന്നൈ: പ്രധാനമന്ത്രിക്ക് നേരെ വധഭീഷണി മുഴക്കി തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ടി.എം അൻബരശൻ. താൻ മന്ത്രി അല്ലായിരുന്നുവെങ്കില്‍ പ്രധാനമന്ത്രിയെ വെട്ടി കഷ്ണങ്ങളാക്കുമായിരുന്നുവെന്നാണ് ടി.എം അൻബരശന്റെ ഭീഷണി.
ദേശീയതയെയും സനാതന ധർമ്മത്തെയും ഹിന്ദു വിശ്വാസങ്ങളെയുമെല്ലാം ഡിഎംകെ നേതാക്കള്‍ നിരന്തരം അവഹേളിക്കുന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയും ഡിഎംകെ നേതാക്കളുടെ ഭാഗത്ത് നിന്ന് ഭീഷണികള്‍ ഉയരുന്നത്.
“എത്രയോ പ്രധാനമന്ത്രിമാരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ സംസാരിക്കുന്ന ഒരു പ്രധാനമന്ത്രിയെയും നമ്മള്‍ കണ്ടിട്ടില്ല. ഡിഎംകെയെ ഇല്ലാതാക്കുമെന്നോ. അത് സാധ്യമാണോ? ഒരു കാര്യം പറയാം, ഡിഎംകെ ഒരു സാധാരണ പാർട്ടിയല്ല. ഒരുപാട് പേരുടെ ത്യാഗം കൊണ്ട് വളർത്തിയെടുത്ത പാർട്ടിയാണ്. രക്തം ചീന്തി വളർത്തിയ പാർട്ടിയാണ്. ഡിഎംകെയെ ഇല്ലാതാക്കുമെന്ന് ആരെല്ലാം പറഞ്ഞിട്ടുണ്ടോ, അവരെ ഇല്ലാതായിട്ടുള്ളൂ. എവിടെ വേണമെങ്കിലും പോയി നോക്കിക്കോളൂ. മന്ത്രി ആയതുകൊണ്ട് മാത്രമാണ് ഞാൻ ശാന്തനായി ഇരിക്കുന്നത്. അല്ലെങ്കില്‍ വെട്ടി കഷ്ണങ്ങളാക്കിയേനെ”- എന്നായിരുന്നു മന്ത്രി ടി.എം അൻബരശന്റെ ഭീഷണി.





