Malappuram

ഇന്‍ഡിഗോ ജീവനക്കാര്‍ പ്രതിയായ സ്വര്‍ണക്കടത്ത് കേസ്; ഒളിവിലായിരുന്ന വയനാട് സ്വദേശി കീഴടങ്ങി

Please complete the required fields.




മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാന ജീവനക്കാര്‍ പ്രതികളായ സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ ആയിരുന്നയാള്‍ കസ്റ്റംസിന് മുന്‍പില്‍ കീഴടങ്ങി. വയനാട് സ്വദേശി അഷ്കര്‍ അലി കൊപ്രകോടന്‍ ആണ് കീഴടങ്ങിയത്. മഞ്ചേരിയില്‍ ഫോറസ്റ്റ് മജിസ്ട്രേറ്റ് കോടതിയുടെ മുമ്ബാകെ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം 12 ന് ആണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം 5 കിലോ സ്വര്‍ണം മിശ്രിതം ഇന്‍ഡിഗോ വിമാനത്തില്‍ വന്ന ഒരു യാത്രക്കാരന്റെ ബാഗില്‍ നിന്നും പിടികൂടിയത്.

വയനാട് സ്വദേശി അഷ്കര്‍ അലി കൊപ്രകോടന്‍ എന്ന യാത്രക്കാരന്റെ ബാഗില്‍ നിന്നായിരുന്നു ഈ സ്വര്‍ണ്ണമിശ്രിതം പിടികൂടിയത്. സ്വര്‍ണം കസ്റ്റംസ് പിടിച്ചത് അറിഞ്ഞ മുതല്‍ ഇയാള്‍ ഒളിവില്‍ ആണ്. ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് ഇന്‍ഡിഗോ സ്റ്റാഫിനെ കസ്റ്റംസ് പിടികൂടിയിരുന്നു. അഷ്കര്‍ അലിയുടെ മൊഴിപ്രകാരം അയാള്‍ക്ക് കിട്ടിയ നിര്‍ദേശം 5 കിലോ സ്വര്‍ണം അടങ്ങിയ ബാഗ് വിമാനത്തില്‍ ഉപേക്ഷിച്ച്‌ പോകുകയായിരുന്നു. വിമാനത്താവളത്തിന് പുറത്തെത്തി ഒരു ടാക്സി വിളിച്ചു സ്വന്തം നാടായ വയനാട്ടിലേക്ക് പോയി.

ഒരു കാരിയര്‍ പാസഞ്ചര്‍ എന്ന നിലയില്‍ ഇയാള്‍ക്ക് 60,000 രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു. ഇത് നല്‍കാമെന്ന് ഏറ്റത് ദുബായിലെ കള്ളക്കടത്തുകാരായ ഷബീബ്, ജലീല്‍ എന്നിവരായിരുന്നു. ഇയാള്‍ക്ക് വാഗ്ദാനം ചെയ്ത 60000 രൂപ വിമാനത്താവളത്തില്‍ പുറത്തെത്തിക്കഴിഞ്ഞാല്‍ അവരുടെ ആളുകള്‍ ബന്ധപ്പെടുമെന്നും അറുപതിനായിരം രൂപ എത്തിച്ചു കൊടുക്കും എന്നുമായിരുന്നു വാഗ്ദാനം. അന്നേദിവസം രാത്രി ദുബായില്‍ നിന്നും കള്ളക്കടത്തുകാര്‍ റിയാസിനെ ഫോണില്‍ ബന്ധപ്പെടുകയും സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടിയിട്ടുണ്ടെന്ന് അറിയിക്കുകയും ഉടന്‍തന്നെ മറ്റെവിടെയെങ്കിലും മാറി താമസിക്കുവാന്‍ നിര്‍ദ്ദേശം കൊടുക്കുകയും ചെയ്തു.

അതുപ്രകാരം അഷ്കര്‍ അലി ബാംഗ്ലൂര്‍ വഴി ഡല്‍ഹിയിലെത്തി. അവിടെ നിന്നും നേപ്പാള്‍ കാഠ്മണ്ഡു വിമാന താവളം വഴി ദുബായിലേക്ക് പോകുവാനും തീരുമാനിച്ചു. ഇതിനായി നേപ്പാളിലെ ഒരു ടിക്കറ്റ് ഏജന്‍സി സമീപിച്ചപ്പോള്‍ ഇന്ത്യക്കാര്‍ക്ക് വിദേശത്തേക്ക് പോകുന്നതിനായി ഇന്ത്യന്‍ എംബസിയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ് എന്ന വിവരം അറിഞ്ഞു. ഇതിനായി ഇന്ത്യന്‍ എംബസിയെ സമീപിച്ചാല്‍ തന്റെ പേരില്‍ ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതു കാരണം പിടികൂടപ്പെടും എന്ന് കരുതി ആ തീരുമാനം വേണ്ടെന്നു വെച്ച്‌ തിരിച്ച്‌ ഡല്‍ഹി വഴി നാട്ടിലെത്തി.

ഇതിനിടയില്‍ ഇയാള്‍ പലതവണ ഈ കള്ളക്കടത്തുകാരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും തന്നെ ഫോണ്‍ എടുക്കുക ഉണ്ടായില്ല. മറ്റൊരു തരത്തിലും രക്ഷ ഇല്ലെന്ന അവസ്ഥയില്‍ അഷ്കര്‍ കസ്റ്റംസിന് മുന്‍പാകെ കീഴടങ്ങുകയായിരുന്നു. മുമ്ബ് കള്ളക്കടത്ത് കേസിലോ മറ്റു കേസുകളിലോ പെടുന്ന ആളുകള്‍ നേപ്പാള്‍ വിമാനത്താവളം വഴിയാണ് വിദേശത്തേക്ക് പോയിരുന്നത്. എന്നാല്‍ പുതിയ നിയമപ്രകാരം മൂന്നാമതൊരു രാജ്യത്തേക്ക് കാഠ്മണ്ഡു വഴി പോകുന്നതിന് ഇന്ത്യന്‍ എംബസിയുടെ അനുമതി വേണമെന്ന് നിര്‍ദ്ദേശം ഇത്തരക്കാര്‍ക്ക് വിനയായി മാറിയിരിക്കുകയാണ്.

കേസിലെ മുഖ്യപ്രതികള്‍ കോഴിക്കോട് കരുവന്തിരി സ്വദേശി റിയാസ്, കൊടുവള്ളി സ്വദേശികളായ ഷബീബ് ഹുസ്സൈന്‍, ജലീല്‍ നേര്‍കൊട്ടുപോയില്‍ എന്നിവര്‍ ആണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട് . ഇവര്‍ എല്ലാം ഒളിവില്‍ ആണ്. ഈ മാസം 16 ന് റിയാസ് കാറില്‍ എറണാകുളത്തു നിന്നും കോഴിക്കോട്ടേക്ക് വരുന്നുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തില്‍ കരിപ്പൂര്‍ ഭാഗത്ത് വെച്ച്‌ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കാര്‍ തടഞ്ഞുനിര്‍ത്തി പിടികൂടാന്‍ ശ്രമിച്ചു എങ്കിലും ഉദ്യോഗസ്ഥരെ തട്ടിത്തെറിപ്പിച്ച്‌ സ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി പേരിലു കരിപ്പൂര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.

പിന്നീട് കരിപ്പൂര്‍ പോലീസ് റിയാസിന്റെ കാര്‍ ഫറോക്കിലെ ഒരു ബന്ധുവിന്റെ വാടകവീട്ടില്‍ നിന്നും കണ്ടെടുക്കുകയും അത് പിടിച്ചെടുക്കുകയും ചെയ്തു. ഇതിനിടയില്‍ ഇതേ സംഘത്തിന് വേണ്ടി കള്ളക്കടത്ത് നടത്തിയ സമീര്‍ അറാംതൊടി എന്നൊരു യാത്രക്കാരനെ കസ്റ്റംസ് പിടികൂടുകയും ഉണ്ടായി. കൂടാതെ റിയാസിന്റെ ഡ്രൈവറായി സ്വര്‍ണ്ണക്കടത്തിന് കൂട്ടുനിന്ന ഷാമില്‍ എന്നയാളെ കസ്റ്റംസ് വീട്ടില്‍ നിന്നും പിടികൂടുകയും അയാളെ അറസ്റ്റ് ചെയ്യുകയുണ്ടായി. സ്വര്‍ണക്കടത്തിന് ഉപയോഗിച്ച ഒരു ക്രെറ്റ കാറും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Back to top button