Pathanamthitta

‘നരബലിക്കുശേഷം കൊല്ലപ്പെട്ടവരുടെ ശരീര ഭാഗങ്ങൾ ഭക്ഷിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദമ്പതികൾ

Please complete the required fields.




പത്തനംതിട്ട : ഇലന്തുരിലെ ഇരട്ട നരബലി കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. നരബലിക്കുശേഷം കൊല്ലപ്പെട്ടവരുടെ മാംസം പ്രതികളായ ദമ്പതികൾ ഭക്ഷിച്ചെന്ന് പൊലീസ് പറഞ്ഞു. ആയുരാരോഗ്യത്തിനുവേണ്ടി മനുഷ്യമാംസം ഭക്ഷിക്കാൻ നിർദേശിച്ചത് മുഹമ്മദ് ഷാഫിയാണ്. ഇന്നലെ വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പിനിടെയാണ് ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവർ മനഃസാക്ഷിയെ ഞെട്ടിക്കുന്ന പ്രവൃത്തി തുറന്നുപറഞ്ഞത്.

കൊലപാതകത്തിനു മുൻപു സ്ത്രീകൾ കൊടിയ പീഡനങ്ങൾക്ക് ഇരയായെന്നാണു പൊലീസ് വ്യക്തമാക്കിയിരുന്നു. ഭഗവൽ സിങ്ങിനും ലൈലയ്ക്കും കടബാധ്യതകളുണ്ടായിരുന്നുവെന്നും സാമ്പത്തിക അഭിവൃദ്ധിക്കായാണു നരബലി നടത്തിയതെന്നും മൊഴി നൽകിയതായി ഡിഐജി ആർ നിശാന്തിനി പറഞ്ഞു. വീട്ടിനുള്ളിൽ വച്ചാണു 2 കൊലപാതകവും നടത്തിയത്. ഷാഫിയും കുടുംബവും തമ്മിൽ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ട്.

ഐശ്വര്യലബ്ധിക്കെന്ന പേരിൽലാണ് കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയിലെ പത്മം (52), കാലടി മറ്റൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന ആലപ്പുഴ കൈനടി സ്വദേശി റോസ്ലി (49) എന്നിവരെ ഇലന്തൂരിൽ എത്തിച്ച് നരബലി നടത്തിയത്. വീടിനു സമീപത്തുനിന്നു 4 കുഴികളിലായാണു മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്. ശരീര അവശിഷ്ടങ്ങൾ തുടർനടപടികൾക്കായി കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടു പോയി. പ്രതികളെ ഇന്ന് എറണാകുളം കോടതിയിൽ ഹാജരാക്കി. ആയുധങ്ങൾ കണ്ടെത്തുന്നതടക്കമുള്ള നടപടികൾക്കായി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

കൂടുതൽ പേരെ ഇത്തരത്തിൽ ഇവർ കൊലപ്പെടുത്തിയോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിനായാണ് ഇന്നു പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്. സ്ത്രീകളെ കൊല്ലാനുപയോഗിച്ച ഏതാനും ആയുധങ്ങൾ ഇലന്തൂരിലെ ഭഗവൽ സിങ്ങിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഈ ആയുധങ്ങൾ ഉപയോഗിച്ചാണോ കൊല നടത്തിയത് എന്നത് വ്യക്തമാകാൻ ഫൊറൻസിക് പരിശോധന ആവശ്യമാണ്.

കൂടുതൽ ആയുധങ്ങൾ കൊലപാതകത്തിനായി ഉപയോഗിച്ചു എന്നാണ് പോലീസിന്റെ നിഗമനം. അങ്ങനെയെങ്കിൽ ഇവ കണ്ടെത്തേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കാണാതായ സ്ത്രീകളെക്കുറിച്ചും നിലവിലെ കേസുമായി ബന്ധപ്പെടുത്തി പൊലീസ് അന്വേഷിക്കും. നരബലി നടന്ന ഭഗവൽ സിങിന്റെ വീട്ടിൽ ഇന്നും പൊലീസ് സംഘം പരിശോധന നടത്തും. പൂജ നടത്തിയതിന്റെ കൂടുതൽ തെളിവുകൾ കണ്ടെത്താനാണ് പരിശോധന.

Related Articles

Leave a Reply

Back to top button