
തൃശ്ശൂർ: ഇവർ ഉള്ളതിനാൽ ശക്തന്റെ മണ്ണ് മാലിന്യ മുക്തമാണ്. 2005 ൽ മേയർ രാധാകൃഷ്ണൻ തുടങ്ങിവെച്ച സംരംഭം ഇന്ന് ഒരു സ്ഥിരം ജോലിയായി ഇവർക്ക് ഊർജം പകരുന്നു.
തൃശ്ശൂരിൽ നടക്കുന്ന അറുപത്തിനാലാമത് കേരള സ്കൂൾ കലോത്സവം അതിന്റെ പൂർണതയിലേക്ക് കടക്കുമ്പോൾ ഇക്കൂട്ടർ ഇതിൽ വലിയ പങ്ക് വഹിക്കുന്നു. സർക്കാർ എല്ലാ വർഷവും ആഘോഷപൂർവം കൊണ്ടാടുന്ന കലോത്സവം അതിന്റെ ഭംഗി ഒട്ടും ചോരാതെയാണ് ഇത്തവണയും നടത്തുന്നത്.
നിരവധി കലാ പ്രതിഭകളും രക്ഷിതാക്കളും കാഴ്ചക്കാരും വന്നെത്തുന്ന തേക്കിൻകാട് മൈതാനം രാവിലെ മുതൽ വെട്ടിത്തിളങ്ങും. അതിന് കാരണം ഒരുപറ്റം കുടുംബശ്രീ യൂണിറ്റുകളാണ്.
സുജയും, രമണിയും, റൂബിയും ചന്ദ്രികയും ഉൾപ്പെടുന്ന നാല്പതോളം അംഗങ്ങൾ അടങ്ങുന്ന സേവനശ്രീ ഫൈവ് കുടുംബശ്രീ ശുചീകരണ യൂണിറ്റ്. ഇരുപത്തൊന്ന് വർഷത്തോളമായി തൃശ്ശൂർറൗണ്ട് മൈതാനം ഇവർ യഥാർത്ഥ തനിമ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു.റൗണ്ടിലെ പേപ്പർ മാലിന്യങ്ങളും, പ്ലാസ്റ്റിക് മാലിന്യങ്ങളും തരം തിരിച്ച് ഗോഡൗണിൽ എത്തിച്ച് ഇവർ തങ്ങളുടെ ജോലി മനോഹരമാക്കുന്നു. ആറ് മണിമുതൽ 12.30 വരെയാണ് ഇവരുടെ ഡ്യൂട്ടി സമയമുള്ളത്. കലോത്സവം വന്നെത്തിയതിന് പിന്നാലെ ജോലി അവർ ഒരുപടി മുകളിൽ അതിന്റെ പൂർണതയിലേക്ക് എത്തിക്കുന്നു.
നഗരം എന്നും ക്ലീൻ ആണ് കാലോസവം വന്നതിൽ പിന്നെ ഇരട്ടി ക്ലീൻ ആണ്. ആറുമണിക്ക് ജോലി ആരംഭിച്ച് റൗണ്ടിന്റെ പിൻവശം ശുചീകരിച്ചാണ് അവർ ഉള്ളിലെ മൈതാനിയിലേക്ക് എത്തുന്നത്.
അമ്പതിന് മുകളിൽ തൊഴിലാളികൾ ഉണ്ടായിരുന്ന സമയത്താണ് കൊറോണ ഇവരുടെയും തൊഴിൽ തടസപ്പെടുത്തിയത്. അറുപത് വയസിന് മുകളിൽ ഉള്ളവർ പിന്നെ ജോലിക്ക് വരാതെയായി.
മാസം 25 തൊഴിൽ ദിനങ്ങൾ ഉള്ള നാല്പതോളം അംഗങ്ങൾക്ക് ടൂറിസം വകുപ്പ് ആറു മാസം കൂടുമ്പോൾ അനുവദിക്കുന്ന ശമ്പളവും, കോർപ്പറേഷൻ മാസംതോറും അനുവദിക്കുന്ന ശമ്പളവും കൈപ്പറ്റുന്നു.
2025 നവംബർ വരെ 335 രൂപ ആയിരുന്ന ഇവരുടെദിവസക്കൂലി ഇപ്പോൾ 369 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. കാലാവസ്ഥ പ്രതികൂലം ആണെങ്കിലും അതൊന്നും ഇവരുടെ ജോലിയെ തടസപ്പെടുത്തുന്നില്ല.





