
കോട്ടയം: എംഎൽഎ കൃത്രിമ വീഡിയോ പ്രചരിപ്പിച്ചുവെന്ന മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ പരാതിയിൽ നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ പൊലീസ് കേസെടുത്തു.കോടതി നിർദേശപ്രകാരം എരുമേലി പൊലീസ് ബിഎൻഎസ് 196, 336(1), 340 (1), 351(1) 356 (1) വകുപ്പുകൾ പ്രകാരം 873/24 നമ്പർ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
അൻവറിനെ കുറിച്ച് വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിലുള്ള വിരോധം കാരണം ഷാജൻ സ്കറിയയുടെ ചാനലിലെ 15-9-2021ലെ 11.56 മിനിറ്റ് ദൈർഘ്യമുള്ള വാർത്താവീഡിയോയിലെ 32 സെക്കൻ്റ് ദൈർഘ്യമുള്ള ഭാഗവും, 29-5-2021ലെ വാർത്താവീഡിയോയിലെ ഏഴ് സെക്കൻ്റ് ദൈർഘ്യമുള്ള ഭാഗവും, 13-8-2022 തീയതിയിലെ വാർത്താ വീഡിയോയിലെ 43 സെക്കൻ്റ് ദൈർഘ്യമുള്ള ഭാഗവും 29-5-2023 തീയതിയിലെ വാർത്താവീഡിയോയിലെ ആറ് സെക്കൻ്റ് ദൈർഘ്യമുള്ള ദ്യശ്യവും പകർത്തിയെടുത്ത് സംയോജിപ്പിച്ച് ക്യത്രിമമായി തയ്യാറാക്കി ഫേസ്ബുക് പേജിലൂടെ എംഎൽഎ പ്രചരിപ്പിച്ചുവെന്നാണ് പരാതി.ഇത് സമൂഹത്തിലെ വിവിധ മതവിഭാഗങ്ങൾക്കിടയിൽ മതസ്പർധ ഉണ്ടാക്കി ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് ചെയ്തതെന്ന് പരാതിയിൽ ആരോപിക്കുന്നു.
തന്നെ കുറിച്ചും, മാധ്യമ സ്ഥാപനത്തെ കുറിച്ചും അപകീർത്തിപരമായ പ്രസ്താവനകൾ ഫേസ്ബുക് പോസ്റ്റിലൂടെ നൽകിയെന്നും മരണഭയം ഉളവാക്കുന്ന രീതിയിൽ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.കളവായ വീഡിയോ പ്രചരിപ്പിച്ച് അത് തന്റെ ചാനൽ പ്രചരിപ്പിച്ചതാണെന്ന് സമൂഹത്തിൽ വരുത്തി തീർത്ത് സത്പേരിനും, കീർത്തിക്കും ഭംഗം വരുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.





