
കോഴിക്കോട് : മാവൂർറോഡിലെ കെ.എസ്.ആർ.ടി.സി. ടെർമിനൽ ബലപ്പെടുത്തുന്നതിന്റെ മുന്നോടിയായി മദ്രാസ് ഐ.ഐ.ടി. സംഘം പൈലിങ്ങിന്റെ ബലം പരിശോധിച്ചു. ഐ.ഐ.ടി.ക്കു വേണ്ടി ഗുജറാത്തിൽനിന്നുള്ള ഒരു സ്വകാര്യ ഏജൻസിയാണ് പരിശോധന നടത്തിയത്.
പൈലിങ്ങിന് 18 മുതൽ 20 വരെ മീറ്റർ താഴ്ചയുണ്ട്. ഇതുമതിയെന്നാണ് പ്രാഥമിക നിഗമനം. ഏറ്റവും അറ്റത്ത് മോണിറ്റർ ഘടിപ്പിച്ച സെൻസറുള്ള യന്ത്രമുപയോഗിച്ചാണ് പരിശോധന നടത്തിയത്. അതിൽനിന്നുള്ള ലഭ്യമായ വിവരങ്ങൾ വിശകലനംചെയ്ത് ഐ.ഐ.ടി. സംഘത്തിന് കൈമാറും. മൂന്നാഴ്ചയ്ക്കകം സർക്കാരിന് റിപ്പോർട്ട് നൽകും. അതിനുശേഷം ടെൻഡർ വിളിച്ച് ബലപ്പെടുത്തൽ നടപടികളിലേക്ക് നീങ്ങും. മദ്രാസ് ഐ.ഐ.ടി. എംപാനൽ ചെയ്ത കമ്പനിയെയാണ് അതിനായി നിയോഗിക്കുക. ബലപ്പെടുത്തലിന് 15 മുതൽ 20 കോടിവരെ ചെലവ് വരുമെന്നാണ് ഐ.ഐ.ടി. സംഘം സർക്കാരിനെ അറിയിച്ചിരിക്കുന്നത്.
ടെർമിനലിന് 25 ശതമാനത്തോളം ബലക്ഷയമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തൂണുകൾക്കാണ് പ്രശ്നം. ബലപ്പെടുത്തുമ്പോൾ പൈലിങ്ങിന് അത് താങ്ങാനുള്ള ശേഷിയുണ്ടോ എന്ന് നോക്കണമെന്ന് ഐ.ഐ.ടി. സംഘം അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പറഞ്ഞിരുന്നത്. ടെൻഡർ നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് എസ്റ്റിമേറ്റ് തയ്യാറാക്കാനുണ്ട്. ബസ് സർവീസിന് തടസ്സമുണ്ടാവാത്ത രീതിയിലാണ് ബലപ്പെടുത്തൽ തീരുമാനിച്ചിട്ടുള്ളത്.





