Thrissur

സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയ അഞ്ച് ജീവികള്‍ ചത്തു; വിവരംമറച്ചുവെച്ചു, ജീവനക്കാർക്ക് സസ്‌പെൻഷൻ

Please complete the required fields.




ഒല്ലൂർ: തൃശ്ശൂർ മൃഗശാലയിൽനിന്നു പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയ ഗർഭിണിയായ പന്നിമാനും നാല് പക്ഷികളും ചത്തു. തുടർച്ചയായി ജീവികൾക്ക് അപായമുണ്ടായതിനെത്തുടർന്ന് പാർക്കിലെ രണ്ട് ക്യുറേറ്റർമാരെ സസ്പെൻഡ്‌ ചെയ്തിട്ടുണ്ട്. ഡിസംബർ മുതലുള്ള നാലുമാസത്തിനിടെത്തന്നെ അഞ്ച്‌ ജീവികൾ ചത്തെങ്കിലും പാർക്ക് അധികൃതർ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കാതെ രഹസ്യമാക്കിവയ്ക്കുകയായിരുന്നു. ഏപ്രിലിൽ പന്നിമാൻ ചത്തതോടെ ഒരു ജീവനക്കാരൻ ഉന്നതാധികാരസമിതിയിലെ ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ചറിയിച്ചതോടെയാണ് വിവരം പുറത്തുവന്നത്.

ഉന്നതാധികാരസമിതിയിലെ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം പുത്തൂരിലെത്തി വിവരങ്ങൾ ആരാഞ്ഞു. ആദ്യത്തെ പക്ഷി ചത്തപ്പോൾത്തന്നെ അന്വേഷണം നടത്തേണ്ടിയിരുന്നതാണ്. എന്നാൽ, ഗൗരവമായ പരിശോധനപോലും നടന്നില്ല. ചത്ത പക്ഷികളുടെ പരിശോധനാ റിപ്പോർട്ട് പുത്തൂർ മൃഗശാല ആശുപത്രിയിലാണ് തയ്യാറാക്കിയത്. അവശനിലയിലായ മാൻ അണുബാധമൂലമാണ് ചത്തതെന്നാണ് റിപ്പോർട്ട്. ഇത് വെറ്ററിനറി സർവകലാശാലയിലാണ് തയ്യാറാക്കിയതെന്ന് പാർക്ക് ഡയറക്ടർ പറഞ്ഞു. ഇവ കേന്ദ്ര സൂ അതോറിറ്റിക്ക് കൈമാറിയതായും പാർക്ക് അധികൃതർ പറഞ്ഞു.

അത്യാസന്നനിലയിലായ ജീവികളുടെ അവശതയിൽ തക്കസമയത്ത് ഇടപെട്ടില്ലെന്ന ഗുരുതര ആരോപണവുമുണ്ട്. പാർക്കിലെ ഉദ്യോഗസ്ഥതലത്തിൽ വലിയ അഴിച്ചുപണിക്കും ഇത് ഇടയാക്കും.

ഇതിനകം 39 പക്ഷികളെയാണ് പുത്തൂർ പാർക്കിൽ എത്തിച്ചത്. ഡിസംബർ 15-ന് തത്ത വർഗത്തിൽപ്പെട്ട ഒരു പക്ഷി ചത്തതാണ് ആദ്യ സംഭവം. 23-ന് മറ്റൊന്നിന്റെക്കൂടി ജീവൻ പോയി. ജനുവരി 24-ന് വർണപ്പക്ഷിയായ ചുക്കർ പാട്രിക് എന്ന പക്ഷിയും മാർച്ച് 10-ന് സിൽവർ സെസന്റ് ഇനത്തിലെ പക്ഷിയും ചത്തു. തൃശ്ശൂരിൽനിന്നെത്തിച്ച രണ്ട് മാനുകളിൽ ഏഴുവയസ്സുള്ള ഗർഭിണിയായ പന്നിമാൻ ചത്തത് ഏപ്രിൽ എട്ടിനാണ്.

സംഭവം വിവാദമായതോടെ ജീവികളെ പുത്തൂരിലേക്ക് മാറ്റുന്നതിൽ പ്രതിസന്ധിയായി. കടുത്ത നിയന്ത്രണവും വന്നേക്കും. കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിനാണ് തൃശ്ശൂരിൽനിന്ന് മയിലുകളെ കൊണ്ടുവന്ന് മൃഗശാലാമാറ്റം ആഘോഷമാക്കിയത്. പുത്തൂരിൽ നിലവിൽ നാല് കടുവകളും ഒരു പുള്ളിപ്പുലിയും ഒരു മാനും പക്ഷികളും മയിലുകളുമുണ്ട്.

Related Articles

Back to top button