മലപ്പുറം: എംഎസ്എഫിൻ്റെ വനിതാ കൂട്ടായ്മയായ ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്. മലപ്പുറം സ്വദേശിനി ആയിഷ ഭാനു ഹരിതയുടെ സംസ്ഥാന പ്രസിഡൻ്റാകും. ജനറൽ സെക്രട്ടറിയായി കണ്ണൂർ സ്വദേശിനി റുമൈസ റഫീഖിനേയും ട്രഷററായി മലപ്പുറം സ്വദേശിനി നയനാ സുരേഷിനെയും തെരഞ്ഞെടുത്തു. മലപ്പുറം സ്വദേശിനി നജുവ ഹനീന കുറുമാടൻ, കാസർകോട് സ്വദേശിനി ഷാഹിദ റാഷിദ്, പാലക്കാട് സ്വദേശിനി ആയിഷ മറിയം എന്നിവരാണ് പുതിയ വൈസ് പ്രസിഡൻ്റുമാർ. കോഴിക്കോട് സ്വദേശിനി അഫ്‍ശില്ല, തിരുവനന്തപുരം സ്വദേശിനി ഫായിസ, എറണാകുളം സ്വദേശിനി അഖില ഫർസാന എന്നിവർ സെക്രട്ടറിമാരാകും.
ഹരിതയുടെ മുൻ ഭാരവാഹികൾ അച്ചടക്ക ലംഘനം നടത്തിയെന്നു ആരോപിച്ചാണ് സംസ്ഥാന കമ്മിറ്റിയെ മുസ്ലീം ലീഗ് പിരിച്ചുവിട്ടത്. എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പി കെ നവാസ് ഉൾപ്പെടെയുള്ള നേതാക്കൾ ലൈംഗിക അധിക്ഷേപം നടത്തിയെന്നാരോപിച്ച് ഹരിത സംസ്ഥാന നേതൃത്വം വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. ഇത് മുസ്ലീം ലീഗിനു തലവേദനയായതോടെ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കാൻ ഹരിത നേതാക്കളോട് പാർട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ എംഎസ്എഫ് നേതാക്കൾക്കെതിരെ പാർട്ടിയിൽ നിന്ന് നടപടി ഇല്ലാത്തതിനെ തുടർന്ന് പരാതി പിൻവലിക്കാൻ ഹരിത നേതാക്കൾ തയാറായില്ല. തുടർന്നാണ് അച്ചടക്ക ലംഘനം ആരോപിച്ച് ഹരിതയുടെ സംസ്ഥാന കമ്മിറ്റിയെ തന്നെ പിരിച്ചുവിട്ടത്.
മുസ്ലീം ലീഗ് സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി പി എം എ സലാം ആണ് പുതിയ ഹരിത ഭാരവാഹികളെ പ്രഖ്യാപിച്ച് വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. ഹരിതയുടെ പുനസംഘടന കൂടുതൽ വിവാദങ്ങൾക്കു വഴിവെക്കുമോ എന്നും കണ്ടറിയണം. അതേസമയം ഹരിതയുടെ പുതിയ ഭാരവാഹികൾ എന്ന രീതിയിൽ ചില പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതിനു സമാനമായ ഭാരവാഹി പ്രഖ്യാപനമാണ് ഇന്നുണ്ടായിരിക്കുന്നത്.