
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് മൂന്നു മരണം. റിയാസ്,രാജേഷ്, രണ്ടരവയസുകാരി നുമ തസ്‌ലീന എന്നിവരാണ് മരിച്ചത്. മലവെള്ളപ്പാച്ചിലിലാണ് രാജേഷും കുട്ടിയും മരിച്ചത്. ഒരാളെ കാണാതാവുകയും ചെയ്തു. കൂട്ടിക്കലില്‍ ഒഴുക്കിൽപ്പെട്ടാണ് റിയാസ് മരിച്ചത്. നാട്ടുകാർ നടത്തിയ തിരിച്ചിലിൽ ആണ് റിയാസിന്‍റെ മൃതദേഹം കിട്ടിയത്. മണ്ണിൽ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം.
സംസ്ഥാനത്ത് മഴ തുടരുകയാണ്. കണ്ണൂരില്‍ മലയോര മേഖലയില്‍ നാലിടത്ത് ഉരുള്‍പൊട്ടിയതായാണ് വിവരം. ശക്തമായ മഴയിൽ എറണാകുളം ഏലൂരിൽ നൂറോളം വീടുകളിൽ വെള്ളം കയറി. പ്രദേശത്ത് രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പെരിയാറിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് രൂക്ഷമായ വെള്ളക്കെട്ട്. കൊല്ലത്ത് മഴക്ക് നേരിയ ശമനമുണ്ട്. തീരദേശത്ത് കാറ്റിന്‍റെ ശക്തി കുറഞ്ഞു. വലിയ ബോട്ടുകളിൽ പോയ മത്സ്യത്തൊഴിലാളികൾ എല്ലാവരും മടങ്ങിയെത്താത്തത് ആശങ്കയുണ്ടാക്കുന്നു.
മലപ്പുറം ജില്ലയിൽ മിക്കയിടത്തും ചാറ്റൽ മഴ പെയ്യുന്നുണ്ട് . ഇന്നലെ രാത്രി ചിലയിടങ്ങളിൽ കനത്ത മഴ ലഭിച്ചു. നദികളിലെ ജലനിരപ്പ് നിലവിൽ അപകടാവസ്ഥയിലല്ല. അങ്ങാടിപ്പുറം വില്ലേജിൽ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സ്ഥലത്ത് കിഴക്കേമുക്ക് ഭാഗത്ത് മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ നാല് കുടുംബങ്ങളെ ബന്ധു വീടുകളിലേക്കും ഒരു കുടുംബത്തെ അടുത്തുള്ള ഒരു സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്കും മാറ്റിപാർപ്പിച്ചു. നിലമ്പൂരിൽ എൻഡിആർഎഫ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്





