
കോഴിക്കോട്: കൊയിലാണ്ടി നഗരസഭയിലും സമീപപഞ്ചായത്തുകളിലും തെരുവുനായകൾ പെരുകുന്നതിൽ വ്യാപക പ്രതിഷേധമുയരുന്നു. കൊയിലാണ്ടി നഗരത്തിലും നാട്ടിൻപുറങ്ങളിലും ഒരുപോലെ തെരുവുനായകൾ പെരുകുകയാണ്. നിത്യേന ഒട്ടേറെപ്പേർക്കാണ് നായകളുടെ കടിയേൽക്കുന്നത്. പശു, ആട്, കോഴി തുടങ്ങിയ വളർത്തുജീവികളെയും നായകൾ ആക്രമിക്കുകയാണ്. നാട്ടിടവഴികളും നഗരത്തിലെ നടപ്പാതകളും നായകൾ കൈയടക്കുകയാണ്.
റെയിൽവേ സ്റ്റേഷൻ, ബസ്സ് സ്റ്റാൻഡ്, മാർക്കറ്റ് എന്നിവിടങ്ങളിലെല്ലാം ശല്യം രൂക്ഷമാണ്. കഴിഞ്ഞദിവസം മേലൂരിൽ ഒട്ടേറെപ്പേർക്ക് കടിയേറ്റു. എളാട്ടേരിയിൽ കോഴിഫാം ആക്രമിച്ചു കോഴികളെ കൊന്നു. നഗരസഭ കുടുംബശ്രീ വനിതകൾക്ക് കൊടുത്ത കോഴികളെപ്പോലും നായകൾ കൊന്നൊടുക്കി. നായശല്യം കാരണം സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ വഴിയാത്രക്കാർ വലിയ ദുരിതത്തിലാണ്. എന്നിട്ടും ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കാത്തതിൽ കഴിഞ്ഞദിവസം നടന്ന കൊയിലാണ്ടി നഗരസഭാ കൗൺസിൽ യോഗത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്.
മുസ്‌ലിംലീഗിലെ കെ.എം. നജീബാണ് ഇക്കാര്യം കൗൺസിൽ യോഗത്തിൽ ഉന്നയിച്ചത്. ഭരണ, പ്രതിപക്ഷ ഭേദമന്യേ എല്ലാവരും ഇക്കാര്യത്തിൽ നടപടിസ്വീകരിക്കണമെന്ന കാര്യത്തിൽ ഏകാഭിപ്രായക്കാരായിരുന്നു. കൊയിലാണ്ടി നഗരസഭയിൽ നായകളെയും പൂച്ചകളെയും വളർത്തണമെങ്കിൽ അവയ്ക്ക് കൃത്യമായി വാക്സിനെടുക്കണം. അവയ്ക്കായി പ്രത്യേക ഉറപ്പുള്ള കൂടൊരുക്കണം.
വർഷത്തിൽ 750 രൂപ നഗരസഭയിൽ എല്ലാവർഷവും ഫീസ് അടയ്ക്കുകയും വേണം. ഇങ്ങനെ ചെയ്യാതെ നായകളെ വളർത്തുന്നവരുണ്ടെങ്കിൽ അവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്. നഗരസഭ ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തി ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്നാണ് അറിയിച്ചത്. വളർത്തുനായകളെ വേണ്ടവിധം കൂട്ടിലിട്ട് വളർത്താതെ, കെട്ടഴിച്ചുവിടുന്നത് കാരണം വീടുകളിൽ വൈദ്യുതിമീറ്ററിന്റെ റീഡിങ് എടുക്കാൻപോലും സാധിക്കുന്നില്ലെന്ന് കെഎസ്ഇബി ജീവനക്കാർ പറയുന്നു. പലസ്ഥലത്തും മീറ്റർറീഡർമാർക്ക് നായകളുടെ കടിയേറ്റസംഭവവും ഉണ്ടായിട്ടുണ്ട്.
രാത്രികാലങ്ങളിൽ ഉൾനാടുകളിലൂടെ പോകുന്ന ബൈക്ക് യാത്രക്കാരുടെ പുറകെ നായകൾ ഓടുമ്പോൾ വലിയ അപകടങ്ങളും സംഭവിക്കുന്നുണ്ട്. കൊയിലാണ്ടി നഗരത്തിൽ അലഞ്ഞുതിരിയുന്ന തെരുവുനായകളെ പിടിച്ചുകൊണ്ടുപോയി വന്ധ്യംകരിക്കാൻ പുളിയഞ്ചേരിയിൽ എബിസി സെന്റർ സ്ഥാപിച്ചിരുന്നു. ലക്ഷങ്ങൾ മുടക്കിയാണ് ഇത് സ്ഥാപിച്ചത്. നായകളെ പിടികൂടി വന്ധ്യംകരിക്കാൻ നഗരസഭ ജില്ലാപഞ്ചായത്തിന് നാലുലക്ഷം രൂപ കൈമാറിയതായാണ് വിവരം.





