
കൊച്ചി: നടന് ഗോവിന്ദന് കുട്ടിക്കെതിരെ വീണ്ടും ലൈംഗിക പീഡന പരാതി. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു തന്നെ ബലാത്സംഗം ചെയ്തതെന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. 2021ലും കഴിഞ്ഞ വര്‍ഷവും ഗോവിന്ദന് കുട്ടി മൂന്ന് തവണ ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയിലാണ് എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസവും സമാനകേസ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു യുവതിയും പരാതിയുമായി മുന്നോട്ടുവന്നിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് നടനും യുട്യൂബ് ചാനല്‍ എംഡിയുമായ ഗോവിന്ദന് കുട്ടിക്കെതിരെ ആദ്യത്തെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തത്. നടിയും മോഡലുമായ യുവതിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസായിരുന്നു കേസെടുത്തത്. ബലാത്സംഗം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. എറണാകുളത്തെ വാടക വീട്ടിലും സുഹൃത്തിന്റെ ഇടപ്പള്ളിയിലെ വില്ലയിലും കാറിലും വച്ച് പലതവണ പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. യുട്യൂബ് ചാനലില്‍ ടോക്ഷോയ്ക്കിടയിലാണ് ഇയാള്‍ യുവതിയെ പരിചയപ്പെട്ടത്. നടന് യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കിയിരുന്നു. പിന്നീട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ തന്നെ മര്‍ദിച്ചതായും യുവതി പരാതിയില്‍ ആരോപിച്ചിരുന്നു.





