
കോഴിക്കോട് : മഴയിൽ തണുത്തുവിറച്ച് ജില്ല; 10 വീടുകൾ ഭാഗികമായി തകർന്നു. ഇന്നും ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു കാലാവസ്ഥാ വകുപ്പ്. ജില്ലയിലെ നഗരപ്രദേശങ്ങളിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും കിഴക്കൻ മലയോര മേഖലയിൽ മഴ ശക്തമായി തുടരുകയാണ്.ജില്ലയിൽ ഇന്നലെ കൊയിലാണ്ടി മേഖലയിൽ 7.3 സെന്റീമീറ്റർ മഴ ലഭിച്ചു. കോഴിക്കോട് മേഖലയിൽ 3.53 സെന്റീമീറ്ററും വടകര മേഖലയിൽ 5.9 സെന്റീമീറ്ററും മഴയാണു ലഭിച്ചത്. ജില്ലയിലും അടുത്ത അഞ്ചു ദിവസം വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്നാണ് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം കനത്ത മഴയെത്തുടർന്ന് ജില്ലയിൽ 24 മണിക്കൂറിനിടെ 10 വീടുകളാണു ഭാഗികമായി തകർന്നത്. ആളപായമില്ല. കോഴിക്കോട് താലൂക്കിലെ ഒരു വീടിനും വടകരയിലെ നാലു വീടുകൾക്കും കൊയിലാണ്ടി താലൂക്കിലെ അഞ്ച് വീടുകൾക്കുമാണു നാശനഷ്ടമുണ്ടായത്.കനത്ത മഴയെ തുടർന്നു മേപ്പയൂർ പതിനേഴാം വാർഡിൽ കുരുടൻ ചേരി കെ.സി.കുഞ്ഞമ്മതിന്റെ വീടിന്റെ അടുക്കള ഭാഗം മഴയിൽ തകർന്നു വീണു. ആളപായമില്ല. കൊഴുക്കല്ലൂരിലെ മാവുള്ള പറമ്പിൽ കുഞ്ഞിമാതയുടെ വീടും മഴയിൽ ഭാഗികമായി തകർന്നു. നന്മണ്ട അഞ്ചാം വാർഡിലെ കണ്ടച്ചം വീട്ടിൽ മീനാക്ഷിയുടെ വീട് കനത്ത മഴയിൽ തകർന്നു.
കീഴരിയൂർ പൊത്തിലാട്ട് താഴ സത്യന്റെ വീടിനു മുകളിൽ കമുക് വീണ് ഒരു ഭാഗം തകർന്നു.കനത്ത മഴയിൽ ചെറുവണ്ണൂർ പഞ്ചായത്തിലെ ആവള പെരിയക്ക മണ്ണിൽ രവീന്ദ്രന്റെ വീടിനു മുകളിൽ മരം കടപുഴകി വീണു വീട് തകർന്നു. അടുക്കള ഭാഗത്താണു മരം വീണത്. രണ്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ട്. വളയം വില്ലേജിലെ കുഞ്ഞി പറമ്പത്ത് ദേവിയുടെ വീട് ഭാഗികമായി തകർന്നു.
ഏറാമല വില്ലേജിലെ ഓർക്കാട്ടേരി പോളാംകുറ്റി നാണിയുടെ വീടിനോട് ചേർന്നുള്ള കിണറിന്റെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നു. വാണിമേൽ കാപ്പൂൽ ശശി കുമാരിയുടെ വീട്ടിലെ കിണർ കനത്ത മഴയിൽ തകർന്നിരുന്നു.മാവൂർ മേഖലയിൽ താഴ്ന്ന പ്രദേശങ്ങൾ മഴയെത്തുടർന്ന് വെള്ളത്തിലായി. കൊടുവള്ളിയിലും മഴ ദുരിതം വിതച്ചു. മുക്കം കാരശ്ശേരി വൈശ്യംപുറത്ത് പുത്രശ്ശേരി വത്സലയുടെ വീട്ടിലെ കിണർ മണ്ണിടിഞ്ഞു വീണു തകർന്നു. 3 കുടുംബങ്ങൾ ഉപയോഗിക്കുന്ന 10 അടിയിലേറെ താഴ്ചയുള്ള കിണർ ഉപയോഗശൂന്യമായി. 2 മോട്ടർ പമ്പ് സെറ്റുകളും മണ്ണിനടിയിലായി.





