Kozhikode

ജില്ലയിലെ 29 ഹോട്ടലുകൾക്ക് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ്

Please complete the required fields.




കോഴിക്കോട്: നല്ല ഭക്ഷണം ഉറപ്പാക്കാൻ  ഭക്ഷ്യസുരക്ഷാ വകുപ്പ് ഏർപ്പെടുത്തിയ ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് ആദ്യഘട്ടത്തിൽ  നേടിയത് ജില്ലയിലെ 29 ഹോട്ടലുകൾ. സംസ്ഥാനത്ത് 519 ഹോട്ടലുകൾക്കാണ് സ്റ്റാർ സർട്ടിഫിക്കറ്റ് ലഭിച്ചത്. ഹോട്ടലുകളുടെ വിവരങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കുന്നതിനൊപ്പം പുതുതായി നിർമിക്കുന്ന ആപ്ലിക്കേഷനിലും നൽകും. ഈ ഹോട്ടലുകൾ സമീപത്തുണ്ടോ എന്ന അറിയുന്നതിനായി ആപ്ലിക്കേഷൻ ഉപയോഗിക്കാം. കടകളുടെ വലുപ്പത്തിന്റെ അടിസ്ഥാനത്തിലല്ല, വൃത്തിയുടെയും നല്ല ഭക്ഷണത്തിന്റെയും മികച്ച സേവനത്തിന്റെയും അടിസ്ഥാനത്തിലാണ് സ്റ്റാർ സർട്ടിഫിക്കറ്റുകൾ നൽകുന്നത് എന്ന ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ പറഞ്ഞു.

ഭക്ഷ്യസുരക്ഷാ വകുപ്പ് നിയോഗിച്ച സ്വകാര്യ ഏജൻസിയാണ് ഹോട്ടലുകളിൽ പരിശോധന നടത്തുന്നത്. ജില്ലയിലെ തിരഞ്ഞെടുത്ത ഹോട്ടലുകളിൽ മാത്രമാണ് ആദ്യഘട്ടത്തിൽ സ്റ്റാർ റേറ്റിങ് പരിശോധന നടത്തിയത്. ആദ്യഘട്ടത്തിൽ സൗജന്യമായി നടത്തിയ പരിശോധനയ്ക്ക് അടുത്ത ഘട്ടം മുതൽ ഫീസ് ഈടാക്കും. സ്റ്റാർ റേറ്റിങ് നേടാനുള്ള പരിശോധന നടത്താൻ  ഹോട്ടലുകൾ ഭക്ഷ്യസുരക്ഷാ വകുപ്പിൽ അപേക്ഷ നൽകണം. ഭക്ഷ്യസുരക്ഷാ ഓഫിസർ ഉൾപ്പെടെ സ്ക്വാഡിന്റെ പ്രീ ഓഡിറ്റിങ്ങിനു ശേഷം സ്റ്റാർ റേറ്റിങ് ഏജൻസി ഹോട്ടൽ സന്ദർശിച്ച് ഭക്ഷ്യ ഗുണമേന്മയും വൃത്തിയും പരിശോധിക്കും. ന്യൂനതകൾ കണ്ടെത്തിയാൽ പരിഹരിക്കാനുള്ള സമയം നൽകിയ ശേഷം  ഭക്ഷ്യസുരക്ഷാ വകുപ്പ് ഫൈനൽ ഓഡിറ്റിങ് നടത്തി സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.

ഭക്ഷ്യസുരക്ഷാവകുപ്പ് സ്റ്റാർ റേറ്റിങ് നടത്തുന്ന രീതിക്കെതിരെ കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ രംഗത്ത്. സ്വകാര്യ ഏജൻസി പരിശോധന നടത്തുന്നതിലും എല്ലാ ഹോട്ടലുകളിലും പരിശോധന പൂർത്തിയാകുന്നതിനു മുൻപേ സർട്ടിഫിക്കറ്റ് നേടിയ ഹോട്ടലുകളുടെ പേരു പരസ്യമാക്കുന്നതിലുമാണ്  എതിർപ്പ്. എല്ലാ ഹോട്ടലുകളിലും പരിശോധന പൂർത്തിയാക്കുന്നതിനു മുൻപേ റേറ്റിങ് നേടിയ ഹോട്ടലുകളുടെ പട്ടിക പുറത്തുവിടുന്നത് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നു കെഎച്ച്ആർഎ ജില്ലാ പ്രസിഡന്റ് രൂപേഷ് കോളിയോട്ട് പറഞ്ഞു. പരിശോധന നടക്കാത്ത ഹോട്ടലുകൾ ആദ്യ ഘട്ട സ്റ്റാർ റേറ്റിങ് പട്ടികയിലുണ്ടാവില്ല. എന്നാൽ  പട്ടികയിൽ ഇല്ലാത്ത ഹോട്ടലുകൾ എല്ലാം മോശമാണെന്ന തെറ്റിദ്ധാരണ ജനങ്ങളിലുണ്ടാകും. 

Related Articles

Leave a Reply

Back to top button