
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം. ഇന്ദിരാപുരത്തെ ഗൗർ ഗ്രീൻ അവന്യൂ ഹൗസിങ് സൊസൈറ്റിയിലെ ഒമ്പതാം നിലയിലുള്ള അപ്പാർട്ട്മെന്റിലാണ് ബുധനാഴ്ച രാവിലെ 8.50 ഓടെ തീ പടർന്നുപിടിച്ചത്. ശക്തമായ കാറ്റിൽ തീ അതിവേഗം മറ്റ് നിലകളിലേക്കും വ്യാപിച്ചത് വലിയ പരിഭ്രാന്തിക്കിടയാക്കി.
കെട്ടിടത്തിന്റെ മുകൾനിലകളിൽ നിന്ന് കറുത്ത പുക ഉയരുന്നത് കിലോമീറ്ററുകൾ അകലെയുള്ള ഡൽഹി-മീററ്റ് എക്സ്പ്രസ് വേയിൽനിന്ന് പോലും ദൃശ്യമായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേനയുടെ 15 ഫയർ ടെൻഡറുകൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തീപിടുത്തത്തിൽ കെട്ടിടത്തിലെ ഏഴ് മുതൽ എട്ട് വരെ നിലകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു. അപ്പാർട്ടുമെന്റുകൾക്കുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഡൽഹി-എൻ.സി.ആർ മേഖലയിൽ തീപിടുത്തങ്ങൾ വർധിച്ചുവരികയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച പഹർഗഞ്ചിലുണ്ടായ തീപിടുത്തത്തിൽ ഭിന്നശേഷിക്കാരനായ വയോധികൻ മരിച്ചിരുന്നു. സൂരജ്പൂരിൽ ഗ്യാസ് പൈപ്പ്‌ലൈൻ ചോർച്ചയെത്തുടർന്നും സെക്ടർ 76-ൽ മാർക്കറ്റിലും കഴിഞ്ഞ ദിവസങ്ങളിൽ തീപിടുത്തമുണ്ടായി. വേനൽ കടുത്തതോടെയുണ്ടാകുന്ന ഇത്തരം അപകടങ്ങൾ തടയാൻ കർശന ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.





