പുതിയ അധ്യനവർഷം തുടങ്ങിയിട്ടും സ്കൂൾവാഹനങ്ങളിൽ പകുതിയും ഫിറ്റ്‌നസ് പരിശോധന പൂർത്തിയാക്കിയില്ല

കോഴിക്കോട് : പുതിയ അധ്യനവർഷം തുടങ്ങിയിട്ടും സ്കൂൾവാഹനങ്ങളിൽ പകുതിയും ഫിറ്റ്‌നസ് പരിശോധന പൂർത്തിയാക്കിയില്ല. വിദ്യാലയങ്ങൾ തുറക്കുന്നതിനുമുമ്പുതന്നെ പരിശോധനയ്ക്ക് വാഹനങ്ങൾ ഹാജരാക്കണമെന്നു നിർദേശമുണ്ടായിട്ടും പകുതിയിലേറെ വാഹനങ്ങളും അതിനെത്തിയില്ല. കോഴിക്കോട് ആർ.ടി.ഒ. പരിധിയിൽ 860 സ്കൂൾവാഹനങ്ങളുണ്ടെന്നാണ് കണക്ക്. എന്നാൽ, 370 വാഹനങ്ങളാണ് പരിശോധനയ്‌ക്കെത്തിയത്. കോവിഡ്കാലത്ത് ഓടാത്തതിനാൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ കുറച്ചാലും ഒട്ടേറെയെണ്ണം ഫിറ്റ്‌നസ് പരിശോധനയില്ലാതെ കുഞ്ഞുങ്ങളുമായി സഞ്ചരിക്കുന്നുവെന്നർഥം.
വടകരയിൽ മൂന്നുദിവസങ്ങളിലായി 260 വാഹനങ്ങൾ പരിശോധിച്ചു. അതിൽ 108 വണ്ടികൾക്കേ ഫിറ്റ്‌നസ് ലഭിച്ചുള്ളൂ. സുരക്ഷാമാനദണ്ഡങ്ങളും ജി.പി.എസ്. സംവിധാനവും ഇല്ലാത്തതുമായ 152 വാഹനങ്ങൾക്ക് സ്ലിപ്പ് നൽകിയില്ല. കൊയിലാണ്ടി ജോയന്റ് ആർ.ടി. ഓഫീസിന് കീഴിൽ 78 സ്കൂളുകളിലായി 127 സ്കൂൾബസുകളുണ്ട്. ഇതിൽ 38-നാണ് ഫിറ്റ്‌നസ് ലഭിച്ചത്. ബാക്കി പരിശോധിക്കാൻ ബാക്കിയാണ്. നന്മണ്ടയിൽ 110 വാഹനങ്ങളാണ് പരിശോധിച്ചത്. 80 എണ്ണത്തിന് ഫിറ്റ്‌നസ് കിട്ടി. ബാക്കി വണ്ടികൾക്ക് കൂടുതൽ സമയം അനുവദിച്ചു.
ഫിറ്റനസ് പരിശോധിച്ച് വാഹനങ്ങൾക്ക് സ്റ്റിക്കർ പതിപ്പിക്കുന്നുണ്ട്. അതില്ലാത്ത വാഹനങ്ങൾ ഓടരുതെന്നാണ് പറയുന്നതെങ്കിലും കർക്കശമായി നടപ്പാക്കിത്തുടങ്ങിയിട്ടില്ല. ഫിറ്റ്‌നസ് തെളിയിക്കാൻ ഇനിയും സമയമുണ്ട്. യാന്ത്രിക ക്ഷമത, ബ്രേക്ക് സംവിധാനം, തീകെടുത്താനുള്ള സൗകര്യം, സീറ്റിങ്, ജി.പി.എസ്., വേഗനിയന്ത്രണസംവിധാനം തുടങ്ങിയവയെല്ലാം പരിശോധിച്ചാണ് സർട്ടിഫിക്കറ്റ് നൽകുന്നത്.





