
മട്ടാഞ്ചേരി: രണ്ടരക്കോടി രൂപ വിലമതിക്കുന്ന ഒന്നേകാൽ കിലോയിലേറെ തിമിംഗല ഛര്‍ദിയുമായി യുവാക്കളെ മട്ടാഞ്ചേരി പൊലീസ് പിടികൂടി. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് സുഹൈല്‍ (21), ഫോര്‍ട്ട്കൊച്ചി പുല്ലുപാലം സ്വദേശി സുഹൈല്‍ ഷഹീര്‍ (20) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.തിമിംഗല ഛര്‍ദി ലക്ഷദ്വീപില്‍നിന്ന് വില്പനക്ക് എത്തിച്ചെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
മുഖ്യ ഇടനിലക്കാരനായ സുഹൈൽ ഫോർട്ട്കൊച്ചി ജങ്കാർ ജെട്ടിയുടെ സമീപത്തുള്ളതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തി ചോദ്യം ചെയ്യുന്നതിനിടയിൽ പൊലീസിനെ ആക്രമിച്ച് കടന്നുകളയാൻ ശ്രമിച്ച ഇയാളെ മൽപ്പിടുത്തത്തിനൊടുവിൽ കീഴ്പ്പെടുത്തുകയും ഇയാളുടെ കൈവശം സാമ്പിളായി വിൽക്കാൻ വെച്ചിരുന്ന 35 ഗ്രാം തിമിംഗല ഛർദി പിടികൂടുകയായിരുന്നു.
തുടർന്ന് ഇയാളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സുഹൈലിൽനിന്നും ഒരു കിലോയിലേറെ തിമിംഗല ഛര്‍ദി തോപ്പുംപടി ഹാര്‍ബര്‍ ഭാഗത്തുനിന്ന് ബുധനാഴ്ച പുലര്‍ച്ച പിടികൂടുകയായിരുന്നു.




