Kozhikode

ഉത്സവമായി പ്രവേശനം; ജില്ലയിൽ ആദ്യദിനം സ്കൂളിലെത്തിയത് 18,752 കുട്ടികൾ

Please complete the required fields.




കോഴിക്കോട് : അണിഞ്ഞൊരുങ്ങി അക്ഷരമുറ്റം, അറിവിന്റെ മധുരം നുണഞ്ഞ് കുസൃതിക്കുരുന്നുകൾ. ചിരിയും കൗതുകവും കരച്ചിലും സ്നേഹവും ചിറകുവിരിച്ച ആദ്യദിനത്തിൽ സ്കൂളുകളിലേക്ക് കുട്ടികൾ കടന്നുവന്നു. കോവിഡ് കാലത്ത് വീട്ടിൽ അടച്ചിരിക്കേണ്ടിവന്ന കുരുന്നുകൾക്ക് പുതിയൊരു അനുഭവമായി ക്ലാസ് മുറികൾ മാറി.പല നിറത്തിലുള്ള ബലൂണുകളും റിബണുകളുമായി സ്കൂൾ മുറ്റം അലങ്കരിച്ചിരുന്നു. മൈലാഞ്ചി ചുവപ്പണിഞ്ഞ കുഞ്ഞിക്കൈകളുമായി ഒപ്പന കളിച്ചും കളരിപ്പയറ്റിന്റെ ചുവടുകൾ വച്ചും താളത്തിൽ ദഫ് മുട്ടിയും കോൽക്കളി കളിച്ചുമൊക്കെയാണ് കുട്ടികളെ സ്കൂളുകളിലേക്ക് വരവേറ്റത്.

2 വർഷം സ്കൂളുകളിലേക്ക് നേരിട്ട് എത്തിയില്ലെങ്കിലും ഓൺലൈനായി കാണാറുള്ളതിനാൽ അധ്യാപകരെ എല്ലാ കുട്ടികൾക്കും പരിചയമുണ്ട്. അതുകൊണ്ടുതന്നെ കരച്ചിലും ബഹളവും കുറവായിരുന്നു. എങ്കിലും ചില വിരുതൻമാർ  വാതിലിനപ്പുറം അച്ഛനും അമ്മയുമില്ലെ എന്ന് ഇടയ്ക്കിടെ നോക്കി ഉറപ്പുവരുത്തിയിരുന്നു. പ്രവേശനോത്സവ ഗാനത്തോടെയാണ് എല്ലാ സ്കൂളുകളിലും ആദ്യദിനം തുടങ്ങിയത്. മുതിർന്ന കുട്ടികൾ കൊച്ചനുജൻമാർക്കും അനുജത്തിമാർ‍ക്കും സ്വാഗതമോതി. ബലൂണുകളും സമ്മാനങ്ങളുമൊക്കെ നൽകിയാണ് അവരെ ആനയിച്ചത്. 

പായസവും മിഠായികളുമൊക്കെയായി ആദ്യദിവസം മധുരം നുണഞ്ഞാണ് കുരുന്നുകൾ ക്ലാസിൽ ഇരുന്നത്. ജില്ലയിൽ ആകെയുള്ള 1270 വിദ്യാലയങ്ങളിൽ 18752 കുട്ടികളാണ് ഒന്നാം ക്ലാസിൽ എത്തിയത്. ഇതിൽ 4771 കുട്ടികൾ സർക്കാർ സ്‌കൂളുകളിലും 12656 കുട്ടികൾ എയ്ഡഡ് സ്കൂളുകളിലും 1325 കുട്ടികൾ അൺ എയ്ഡഡ് സ്കൂളുകളിലുമാണ് പ്രവേശനം നേടിയത്. ഇത്തവണ പുതിയതായി 86498 കുട്ടികൾ പ്രവേശനം നേടിയിട്ടുണ്ട്. ഇതടക്കം ആകെ 362767 കുട്ടികളാണ് പുതിയ അധ്യയന വർഷത്തിലേക്ക് കടന്നത്.

Related Articles

Leave a Reply

Back to top button