സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും; ചക്രവതച്ചുഴിയുടെ സ്വാധീനം, എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടി വ്യാപക മഴ തുടരാൻ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. എട്ട് ജില്ലകളിൽ ഇന്നും യെല്ലോ അലർട്ട് ഉണ്ട്. ആലപ്പുഴ മുതൽ തൃശ്ശൂരെ വരെയും മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ആന്ധ്രയിലെ റായൽസീമയ്ക്ക് മുകളിലായുള്ള ചക്രവതച്ചുഴിയുടെ സ്വാധീനം തുടരുന്നതിനാലാണ് കേരളത്തിലും മഴ പ്രതീക്ഷിക്കുന്നത്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും കൂടിയ മഴ കിട്ടാം.
തെക്ക് പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനഫലമായി കാലവർഷത്തിന് മുന്നോടിയായയുള്ള മഴയും ഈ ദിവസങ്ങളിൽ കിട്ടും. ഇന്നത്തോടെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. റായൽസീമക്കും സമീപ പ്രദേശങ്ങൾക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീനത്തിൽ അടുത്ത അഞ്ച് ദിവസം കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വിഭാഗം അറിയിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി / മിന്നൽ / ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.





