
താമരശ്ശേരി: ചിത്രകാരന്‍ അജയന്‍ കാരാടിയുടെ സ്വപ്നങ്ങളില്‍ വീണ്ടും കരിനിഴല്‍. തെങ്ങ് വീണ് വീട് തകര്‍ന്നപ്പോള്‍ നഷ്ടമായത് നിരവധി ചിത്രങ്ങളും കാന്‍വാസുകളുമാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് താമരശ്ശേരി പള്ളിപ്പുറം വാടിക്കല്‍ സ്‌കൂളിന് പിന്‍വശത്തെ വീടിന് മുകളിലേക്ക് തെങ്ങ് വീണത്. ഓടിട്ട മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. അജയനും വീട്ടുകാരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
എന്നാല്‍ അജയന്റെ സ്വപ്നങ്ങളായ ചിത്രങ്ങള്‍ പലതും നശിച്ചു. നിരവധി പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടിയ അജയന്‍ ജീവിതത്തിന് നിറം പകരാനായി 2018 ല്‍ ആരംഭിച്ച സ്റ്റുഡിയോ തെങ്ങ് വീണ് നശിച്ചിരുന്നു. പിന്നീട് വീടിന്റെ വരാന്തയാണ് ചിത്ര രചനക്കായി ഉപയോഗിച്ചിരുന്നത്. രണ്ടാം തവണയും തെങ്ങ് അജയന്റെ പ്രതീക്ഷകള്‍ക്കുമേലെ ദുരന്തത്തിന്റെ നിറം ചാര്‍ത്തി.
അജയന്റെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കുമെന്ന് സി പി ഐ എം ഏരിയാ കമ്മിറ്റി പ്രഖ്യാപിച്ചു. ഏരിയാ സെക്രട്ടറി കെ ബാബു, ജില്ലാകമ്മിറ്റിയംഗം ആര്‍ പി ഭാസ്‌കരന്‍, ടി സി വാസു, സി കെ വേണുഗോപാലന്‍, എ പി സജിത്ത്, ടി കെ അരവിന്ദാക്ഷന്‍, ഇ ശിവരാമന്‍, പി സുധാകരന്‍, വി കുഞ്ഞിരാമന്‍, പി വിനയന്‍ എന്നിവര്‍ അജയന്റെ വീട് സന്ദര്‍ശിച്ചു.





