മൊബൈൽ റീചാർജ് വാലിഡിറ്റി 30 ദിവസമായി വർധിപ്പിക്കാൻ കേന്ദ്ര നിർദേശം; തൻ്റെ ഇടപെടലുകളുടെ ഫലമെന്ന് കൊടിക്കുന്നിൽ സുരേഷ്

ഡൽഹി: 28 ദിവസം വാലിഡിറ്റിയുള്ള മൊബൈൽ റീചാർജിങ് പ്ലാനുകൾ അവസാനിക്കുന്നു. പകരം വാലിഡിറ്റി 30 ദിവസമായി വർധിപ്പിക്കാൻ ടെലികോം മന്ത്രാലയം കമ്പനികൾക്ക് നിർദേശം നൽകി. നിലവിലെ പ്ലാൻ പ്രകാരം ഉപഭോക്താവിന് ഒരു വർഷം 13 തവണയാണ് റീചാർജ് ചെയ്യേണ്ടി വരുന്നത്. പുതിയ ഉത്തരവ് നടപ്പിലായാൽ അത് 12 ആയി കുറയും.
പാർലമെൻ്റിൽ താൻ നടത്തിയ ഇടപെടലുകളുടെ ഫലമാണ് പുതിയ മാറ്റമെന്ന് കൊടുക്കുന്നിൽ സുരേഷ് എംപി അവകാശപ്പെട്ടു. ലോക്സഭയിൽ 2025 ഡിസംബറിലെ വിൻ്റർ സെഷനിലും 2026 മാർച്ചിലെ ബജറ്റ് സെഷനിലും താൻ നടത്തിയ ഇടപെടലുകളുടെ തെളിവുകൾ ഫേസ്ബുക്കിൽ പങ്കുവെച്ചാണ് എംപി അവകാശ വാദം നടത്തിയത്.
കൊടിക്കുന്നിൽ സുരേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
രാജ്യത്തെ ടെലികോം മേഖലയിൽ നടന്നുവന്നിരുന്ന 28 ദിവസത്തെ ബില്ലിംഗ് സൈക്കിൾ തട്ടിപ്പിനെതിരെ പാർലമെന്റിന്റെ വിന്റർ സെഷനിൽ 2025 ഡിസംബർ 17ന് വിഷയം ലോക്സഭയിൽ അൺസ്റ്റാർ ചോദ്യമായി ഉന്നയിക്കുകയും കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിനു വേണ്ടി സഹമന്ത്രി ഡോ.പെമ്മ സാനി ചന്ദ്രശേഖർ നൽകിയ മറുപടിയും ചേർക്കുന്നു.
രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന ഈ വിഷയം ആദ്യമായി ലോക്സഭയിൽ ഞാനാണ് ഉന്നയിച്ചത്. തുടർന്ന് ഫോളോ അപ്പ് എന്ന നിലയിൽ പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളന കാലയളവിൽ 2026 മാർച്ച് 11 ന് വീണ്ടും വിഷയം ഉന്നയിച്ചു. ഈ കാലയളവിൽ ആവശ്യമായ അനുകൂല നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട മന്ത്രാലയവും മന്ത്രിയും ഉറപ്പു നൽകിയിരുന്നു. ഈ വിവരം നേരത്തെ തന്നെ പങ്കുവെച്ചിട്ടുള്ളതുമാണ്.അതേസമയം, പഞ്ചാബിൽ നിന്നുള്ള എഎപി എംപി രാഘവ് ഛദ്ദ ടെലികോം കമ്പനികളുടെ റീചാർജ് കൊള്ള അവസാനിപ്പിക്കണമെന്ന് രാജ്യ സഭയിൽ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.





