
കോഴിക്കോട് : കാർഷിക ഉൽപന്നങ്ങൾ സൗജന്യമായി വിതരണം ചെയ്തു കർഷകരുടെ പ്രതിഷേധം. കൃഷിയിറക്കാൻ മുടക്കിയ പണമോ അധ്വാനത്തിനുള്ള പ്രതിഫലമോ ലഭിക്കാത്ത തുച്ഛമായ വിലയ്ക്കു ഉൽപന്നങ്ങൾ വിൽക്കേണ്ട ഗതികേടിൽ പ്രതിഷേധിച്ചാണു കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ കലക്ടറേറ്റിനു മുന്നിൽ കർഷകർ പുതുമയുള്ള പ്രതിഷേധം നടത്തിയത്.
ഇപ്പോഴത്തെ വിലയ്ക്കു വിൽക്കുന്നതിനെക്കാൾ നല്ലതു സൗജന്യമായി നൽകുന്നതാണ് എന്ന സന്ദേശവുമായാണ് പ്രതീകാത്മകമായി പച്ചക്കറികൾ സൗജന്യമായി നൽകിയത്. 60 കിലോ കപ്പ, ഇരുന്നൂറോളം നാളികേരം, 12 ചേന, 10 വാഴക്കുല, ഒരു ചാക്ക് മത്തൻ, ഇളവൻ, വെള്ളരി തുടങ്ങിയ പച്ചക്കറികളും 10 തെങ്ങിൻ തൈകളും പ്രതിഷേധ സ്ഥലത്തു വിതരണം ചെയ്തു. എം.കെ.രാഘവൻ എംപി ഉദ്ഘാടനം ചെയ്തു.X
പ്രളയവും കോവിഡും വന്നപ്പോൾ എല്ലാവരും കൃഷി ചെയ്യണമെന്നു പറഞ്ഞ സർക്കാർ കാർഷിക ഉൽപന്നങ്ങൾ തറവില നിശ്ചയിച്ചു സംഭരിക്കാൻ തയാറാകാതെ കർഷകരെ വഞ്ചിച്ചു. ഉൽപാദനച്ചെലവ് പോലും ലഭിക്കാത്ത സ്ഥിതിയിൽ കർഷകർ ദുരിതം അനുഭവിക്കുകയാണ്. കർഷക ദിനം കണ്ണീർ ദിനമായി പ്രഖ്യാപിക്കേണ്ട അവസ്ഥയാണ്– എംപി പറഞ്ഞു. പ്രളയത്തിലും കോവിഡ് വ്യാപനത്തിലും കഷ്ടപ്പെടുന്ന കർഷകന്റെ വായ്പ പലിശ എഴുതിത്തള്ളാനും വായ്പ പുനഃക്രമീകരിക്കാനും സർക്കാർ തയാറായില്ലെന്നു പ്രതിഷേധത്തിൽ പങ്കെടുത്ത കർഷകർ പറഞ്ഞു.
വന്യമൃഗ ശല്യത്തിനു പരിഹാരം കാണാൻ ശ്രമിക്കാതെ വനഭൂമിയോടു ചേർന്നു കിടക്കുന്ന കൃഷിഭൂമികൾ പിടിച്ചെടുത്തു കർഷകരെ ദ്രോഹിക്കാനാണു ശ്രമിക്കുന്നതെന്നും കർഷകർ ആരോപിച്ചു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാജൂഷ് മാത്യൂസ് ആധ്യക്ഷ്യം വഹിച്ചു. അനീഷ് ചാത്തമംഗലം, സന്തോഷ് കോഴിക്കോട്, എൻ.പി.വിജയൻ, മാത്യു ദേവഗിരി, പ്രഫ. ശശീന്ദ്രൻ, ടി.പത്മാക്ഷൻ, കോരങ്കോട്ട് ജമാൽ, ദേവസ്യ ചൊള്ളാമഠം തുടങ്ങിയവർ പ്രസംഗിച്ചു.





