
താമരശ്ശേരി: മാവോയിസ്റ്റ് ഭീഷണി പ്രതിരോധ നടപടിയുടെ ഭാഗമായി നവീകരിച്ച താമരശ്ശേരി പൊലീസ് സ്റ്റേഷൻ സുരക്ഷാ മതിൽ ദിവസങ്ങൾക്കകം ബലക്ഷയത്തിന്റെ പേരിൽ പൊളിച്ചു മാറ്റുന്നു. പൊലീസ് സ്റ്റേഷൻ, ഡിവൈഎസ്പി ഓഫിസ്, ട്രാഫിക് സ്റ്റേഷൻ എന്നിവയുടെ മുന്നിലായി ദേശീയ പാതയോരത്ത് നവീകരിച്ച സുരക്ഷാ മതിലാണ് പൊളിച്ചു നീക്കുന്നത്. മതിലിനോട് ചേർന്ന് വലതു ഭാഗത്തായി നിർമിച്ച പൊലീസ് സുരക്ഷാ ക്യാബിൻ ഫുട്പാത്തിലേക്ക് ഇറങ്ങിയ നിലയിലുമാണ്. പഴകി ജീർണിച്ച മതിൽ പൊളിച്ചു മാറ്റാതെ അതിനു മുകളിൽ കമ്പി പാകി കോൺക്രീറ്റ് സ്ലാബ് വാർത്തയായിരുന്നു മതിൽ നവീകരണം.
ദിവസങ്ങൾക്കുള്ളിൽ തന്നെ മതിലിന്റെ ഉൾഭാഗത്ത് വിള്ളൽ വീണ് ഇടിഞ്ഞുവീഴുന്ന അവസ്ഥയിൽ ആയതാണ് പൊളിച്ചു മാറ്റാൻ കാരണം. മതിലിനു മുൻ ഭാഗത്ത് ദേശീയ പാത നവീകരണത്തിന്റെ ഭാഗമായി ഓവുചാൽ കീറി സ്ലാബ് ഇട്ടപ്പോൾ ഇളക്കം തട്ടിയതാണ് മതിലിന്റെ ബലക്ഷയത്തിനു കാരണമായി ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ പഴയ മതിലിനു മുകളിൽ കോൺക്രീറ്റ് സ്ലാബ് വാർത്തുണ്ടായ അമിത ഭാരമാണ് മതിലിന്റെ ബലക്ഷയത്തിനു കാരണമെന്നും പറയുന്നുണ്ട്. വന മേഖലയോട് ചേർന്ന് മാവോയിസ്റ്റ് ഭീഷണിയുള്ള പൊലീസ് സ്റ്റേഷനുകളിൽ ലക്ഷങ്ങൾ ചെലവഴിച്ചാണ് സംരക്ഷണ ഭിത്തിയും സുരക്ഷാ ക്യാബിനും പ്രത്യേക ലൈറ്റ് സംവിധാവും മറ്റും സ്ഥാപിക്കുന്നത്.X
ഈ സാഹചര്യത്തിൽ മാവോയിസ്റ്റ് ഭീഷണി നേരിടാൻ ജീർണിച്ച മതിൽ നവീകരിച്ച നടപടി ഏറെ വിമർശനത്തിനു കാരണമായിട്ടുണ്ട്. നവീകരിച്ച മതിൽ പൊളിച്ചു തുടങ്ങിയതോടെ പഴയ മതിൽ പൊളിച്ചു മാറ്റാതെ നടത്തിയ നവീകരണം ഏറെ വിവാദവുമായിരിക്കുകയാണ്. ജില്ലാ പൊലീസ് ഓഫിസ് തലത്തിൽ നടത്തുന്ന ഈ പ്രവൃത്തി സംബന്ധിച്ച് തങ്ങൾക്ക് ഒന്നും അറിയില്ലെന്നാണ് താമരശ്ശേരി പൊലീസ് അധികൃതർ പറയുന്നത്. മാവോയിസ്റ്റ് ഭീഷണിയുടെ പേരിൽ കോടഞ്ചേരി, തിരുവമ്പാടി പൊലീസ് സ്റ്റേഷനുകളിലും നവീകരണം നടത്തുന്നുണ്ട്. കോടഞ്ചേരി സ്റ്റേഷനിലെ പണി ഏതാണ്ട് പണി പൂർത്തിയായ നിലയിലാണ്.





