
കോഴിക്കോട്: ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണില്‍ എലത്തൂര്‍ പൊലീസ് കൊവിഡ് മാനദണ്ഡം ലംഘിച്ചതായി പരാതി. ക്രിട്ടിക്കല്‍ കെണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച ഒന്നാം ഡിവിഷനില്‍ ഉള്‍പ്പെട്ട എലത്തൂര്‍ സ്റ്റേഷനില്‍ നിയമം ലംഘിച്ച് ആളെ കൂട്ടിയെന്ന പരാതിയുമായി വ്യാപാരികളും നാട്ടുകാരുമാണ് രംഗത്ത് എത്തിയത്. സ്റ്റേഷന്റെ പഴയ കെട്ടിടം പൊളിച്ചു മാറ്റി നവീകരിക്കുന്നതിന് ടെന്‍ഡര്‍ വിളിക്കാന്‍ നിരവധി പേര്‍ സ്റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടിയെന്നാണ് പരാതി.
ലേല നടപടികള്‍ കഴിയും വരെ സ്റ്റേഷന് അകത്തും പുറത്തുമായി കരാറുകാര്‍ തടിച്ചുകൂടിയിരുന്നു. കൊവിഡ് കേസ് കൂടിയ മേഖലയില്‍ വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും പുറത്തിറങ്ങുന്നതിനും സ്ഥാപനങ്ങള്‍ തുറക്കുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ ഘട്ടത്തില്‍ പൊലീസ് നിയമം ലംഘിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് നാട്ടുകാര്‍ പറഞ്ഞു