
തിരുവനന്തപുരം:സ്കൂൾ, കോളജ് വിദ്യാർഥികൾക്കായുള്ള ബോണ്ട് സർവീസിന്റെ നിരക്കുകൾ കെഎസ്ആർടിസി കുറച്ചു. 100 കിലോമീറ്റർ വരെ ഒരു ബസിന് പ്രതിദിന വാടക 7,500 രൂപയാക്കി. നേരത്തെ 10 കിലോമീറ്ററിന് 6000 രൂപയായിരുന്നു വാടക.
ഒരു ബസിന് നാലു ട്രിപ്പുകൾ വരെ നടത്താം. മൂന്നു മാസത്തിന് പകരം 20 ദിവസത്തെ വാടക മുൻകൂറായി അടച്ചാൽ മതിയെന്നും പുതിയ ഉത്തരവിൽ പറയുന്നു.കെഎസ്ആർടിസി ബോണ്ട് സർവീസിന് നേരത്തേ നിശ്ചയിച്ച നിരക്കുപ്രകാരം 10 കിലോമീറ്റർ ദൂരത്തുനിന്ന് സ്കൂളിൽ വന്ന് തിരിച്ചുപോകാൻ ദിവസം ഒരു കുട്ടി നൽകേണ്ടിയിരുന്നത് 118 രൂപയാണ്. എന്നാൽ, പുതുക്കി നിശ്ചയിച്ച നിരക്ക് പ്രകാരം 10 കിലോമീറ്ററിന് ഒരു കുട്ടി 46 രൂപ നൽകിയാൽ മതി.
ട്രിപ്പുകൾ രണ്ടായി കുറഞ്ഞാലും പ്രതിമാസം ഒരു കുട്ടിക്ക് 2000 രൂപയിൽ താഴെയെയാകൂ.പുതിയ ഉത്തരവ് പ്രകാരം, 100 കിലേമീറ്റർ വരെയുള്ള അടിസ്ഥാന റൂട്ടിന് വാടക ഇനത്തിൽ ഒന്നര ലക്ഷം രൂപയാണ് സ്കൂളുകൾ മുൻകൂട്ടി അടയ്ക്കേണ്ടത്.
പരമാവധിയായ 200 കിലോമീറ്ററിന് രണ്ടു ലക്ഷം രൂപയും. നേരത്തെ ഏറ്റവും കുറഞ്ഞത് 4,25,664 രൂപ കെട്ടിവയ്ക്കണമായിരുന്നു. പുതിയ ഉത്തരവനുസരിച്ച്, ഒരു ട്രിപ്പിൽ 40 കുട്ടികൾക്ക് യാത്ര ചെയ്യാം. സീറ്റുള്ള ബസ് ആണെങ്കിൽ 50 കുട്ടികളെ വരെ അനുവദിക്കും. അധ്യാപകർക്കും ആയയ്ക്കും പാസ് നൽകും.





