
കണ്ണൂർ: കണ്ണൂരിലെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത പണം തിരികെ വേണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി വിജിലൻസ് കോടതിയെ സമീപിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത 47,35,500 രൂപ തിരികെ വേണമെന്നാണ് ഷാജിയുടെ ആവശ്യം. എന്നാൽ ഇത് തിരികെ നൽകുന്നത് കേസിനെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.
2020 ജനുവരിയിലാണ് കെ.എം. ഷാജിയെ പ്രതി ചേർത്ത് വിജിലൻസ് കോഴക്കേസ് രജിസ്റ്റർ ചെയ്തത്. 2013-ൽ അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ട അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കേസ്. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.എം. നേതാവ് കുടുവൻ പദ്മനാഭൻ നൽകിയ പരാതിയിലായിരുന്നു കേസ്.
തുടർന്ന് നടത്തിയ പരിശോധനയിൽ കെ.എം. ഷാജിക്ക് വരവിൽക്കവിഞ്ഞ സ്വത്ത് ഉള്ളതായി വിജിലൻസ് കണ്ടെത്തിയിരുന്നു. ഷാജിയുടെ അഴിക്കോട്ടെ വീട്ടിൽനിന്ന് 47,35,500 രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ പണം തിരഞ്ഞെടുപ്പിനായി പിരിച്ചെടുത്ത പണമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. ഇതിന് കൗണ്ടർ ഫോയിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എംഎൽഎ ആയതിനു ശേഷം രണ്ടു സ്ഥലം ഇടപാടുകളാണ് നടത്തിയിട്ടുള്ളത്. കണ്ണൂരിൽ വീടിരിക്കുന്ന 10 സെന്റ് ഭൂമിയും രണ്ടേക്കർ വയലും മാത്രമാണ് എംഎൽഎ ആയതിനു ശേഷം വാങ്ങിയിട്ടുള്ളതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അതേസമയം ഷാജി 1.47 കോടിയുടെ അനധികൃത സ്വത്തുസമ്പാദിച്ചതായിട്ടാണ് വിജിലൻസ് കോടതി കേസ് രജിസ്റ്റർ ചെയ്തത്. ഇതിനുപിന്നാലെ കോഴിക്കോട് മാലൂർക്കുന്നിലെയും കണ്ണൂർ അഴീക്കോട്ടെയും വീടുകളിൽ വിജിലൻസ് റെയ്ഡ് നടത്തിയത്. ഷാജിയുടെ 2011 മുതൽ 2020 വരെയുള്ള ഇടപാടുകളും വിദേശയാത്രകളും വിജിലൻസ് പരിശോധിക്കുകയും ചെയ്തിരുന്നു.





