
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ അഭിമാനകരമായ സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിക്ക് ഗുണഭോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഫെബ്രുവരിയിൽ പദ്ധതി ആരംഭിക്കുമ്പോൾ 10.05 ലക്ഷം അപേക്ഷകരാണുണ്ടായിരുന്നതെങ്കിൽ, നിലവിൽ അത് 18.18 ലക്ഷമായി കുതിച്ചുയർന്നു.
ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ഉടൻ ആരംഭിക്കാനുള്ള നടപടികൾ സർക്കാർ പൂർത്തിയാക്കി വരികയാണ്. സംസ്ഥാനത്ത് മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത്—2.55 ലക്ഷം പേർ. ഇതിൽ 2.4 ലക്ഷം പേർക്ക് ഇതിനോടകം പെൻഷൻ ലഭിച്ചുതുടങ്ങി.
1.91 ലക്ഷം അപേക്ഷകരുമായി തിരുവനന്തപുരം ജില്ലയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇവിടെ 1.69 ലക്ഷം പേർക്ക് പെൻഷൻ അനുവദിച്ചു. ഏറ്റവും കുറവ് അപേക്ഷകരുള്ള പത്തനംതിട്ട ജില്ലയിൽ 51,479 പേരിൽ 44,851 പേർക്ക് പെൻഷൻ നൽകിവരുന്നു. ബാക്കിയുള്ള അപേക്ഷകളിൽ പരിശോധനകൾ പുരോഗമിക്കുകയാണ്.
35 നും 60 നും ഇടയിൽ പ്രായമുള്ള മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ വനിതാ അംഗങ്ങൾക്കാണ് പെൻഷന് അർഹതയുള്ളത്. 35 വയസ് പൂർത്തിയായാൽ എപ്പോൾ വേണമെങ്കിലും അപേക്ഷ സമർപ്പിക്കാം.സംസ്ഥാനത്ത് നിന്ന് താമസം മാറുകയോ, ജോലി ലഭിക്കുകയോ, റേഷൻ കാർഡിൽ നിന്ന് പേര് നീക്കം ചെയ്യപ്പെടുകയോ ചെയ്താൽ പെൻഷൻ ആനുകൂല്യം ലഭിക്കില്ല. അനർഹമായി പെൻഷൻ കൈപ്പറ്റുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 18 ശതമാനം പലിശ സഹിതം തുക തിരിച്ചീടാക്കുന്നതാണ്.





