വ്യാജ രേഖ നിര്‍മിച്ച് കെ എസ് എഫ് ഇ ഈങ്ങാപ്പുഴ ബ്രാഞ്ചില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കലാക്കിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

താമരശ്ശേരി: വ്യാജ രേഖ നിര്‍മിച്ച് കെ എസ് എഫ് ഇ ഈങ്ങാപ്പുഴ ബ്രാഞ്ചില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കലാക്കിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വ്യാജ സീലും ഒപ്പും ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കിയ മലപ്പുറം കാളികാവ് സ്വദേശി ഷാജഹാനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ കോടതിയില്‍ കീഴടങ്ങിയ കേസിലെ മുഖ്യ പ്രതി മലപ്പുറം മൊറയൂര്‍ സ്വദേശി നാദിറിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് മൂന്നാം പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്.
വില്ലേജ് ഓഫീസുകളുടെ സീല്‍ നിര്‍മ്മിച്ച് വ്യാജ ഒപ്പിട്ട് സ്ഥലത്തിന്റെ സ്‌കെച്ച്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍മിച്ച് കെ എസ് എഫ് ഇ ഈങ്ങാപ്പുഴ ബ്രാഞ്ചില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കലാക്കിയ കേസിലാണ് ഒരാള്‍ കൂടി അറസ്റ്റിലായത്. വില്ലേജ് ഓഫീസറുടെ വ്യാജ സീലുകള്‍ നിര്‍മിക്കുകയും വ്യാജ ഒപ്പിട്ട് നല്‍കുകയും ചെയ്ത മലപ്പുറം കാളികാവ് ഉദിരംപൊയില്‍ കിഴക്കേതില്‍ ഷാജഹാനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ കോടതിയില്‍ കീഴടങ്ങിയ കേസിലെ മുഖ്യ പ്രതി മലപ്പുറം മൊറയൂര്‍ അരിമ്പ്ര കറുത്തേടത്ത് നാദിറിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് വ്യാജ വില്ലേജ് ഓഫീസറെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. തുടര്‍ന്ന് നാദിറിനെയുമായി കാളികാവിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കട്ടിപ്പാറ, കൂടരഞ്ഞി, തിനൂര്‍ എന്നീ വില്ലേജ് ഓഫീസുകളുടേയും വില്ലേജ് ഓഫീസറുടേയും സീലുകളാണ് വ്യാജമായി നിര്‍മിച്ചത്.
വില്ലേജ് ഓഫീസര്‍മാരുടെ ഒപ്പിടുന്നതിലും ഷാജഹാന്‍ മിടുക്കനാണെന്ന് പോലീസ് പറഞ്ഞു. കെ സ് എഫ് ഇ യുടെ ഈങ്ങാപ്പുഴ, കോഴിക്കോട് ബ്രാഞ്ചുകളില്‍ നിന്നായി ഇരുപതിലേറെ ഇടപാടുകള്‍ ഇത്തരത്തില്‍ നടത്തിയെന്നാണ് കണ്ടെത്തിയത്. കെ എസ് എഫ് ഇ നല്‍കിയ പരാതിയില്‍ 12 കേസുകളും കട്ടിപ്പാറ വില്ലേജ് ഓഫീസര്‍ നല്‍കിയ പരാതിയില്‍ രണ്ട് കേസുളുമാണ് താമരശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്തത്. വയനാട് സുല്‍ത്താന്‍ബത്തേരി പട്ടരുതൊടി മാട്ടാംതൊടുകയില്‍ ഹാരിസിനെ നേരത്തെ പിടികൂടിയിരുന്നു. കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ നിയാസ് അലി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍യതിനാല്‍ അറസ്റ്റ് ചെയ്യാനായിട്ടില്ല. ഈ മാസം 27 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹോക്കോടതി നിര്‍ദേശം. നാദിറിനെയും ഷാജഹാനെയും കോടതിയില്‍ ഹാജറാക്കി റിമാണ്ട് ചെയ്തു. മൂന്ന് പ്രതികളേയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ സംഘം പറഞ്ഞു.





