
തിരുവനന്തപുരം: കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് യാത്രികർക്ക് നിസ്സാര പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് 4:30-ഓടെ പാച്ചല്ലൂരിന് സമീപം നൂറാണി ജംഗ്ഷനിലാണ് അപകടം നടന്നത്.നൂറാണി ജംഗ്ഷനിലൂടെ വന്ന മാരുതി ബലേനോ കാർ നിയന്ത്രണം വിട്ട് സമീപത്തെ സോമരാജൻ്റെ വീടിൻ്റെ മതിലിലേക്ക് ഇടിക്കുകയായിരുന്നു. മതിലിന്റെ ഒരു ഭാഗം തകർത്ത് നിന്ന കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടസമയം വീട്ടിലുണ്ടായിരുന്നവർ ഓടി മാറിയതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. കാറിലുണ്ടായിരുന്ന യാത്രികർക്ക് നിസ്സാര പരിക്കുകൾ മാത്രമേ ഉള്ളൂ.
മറ്റൊരു സംഭവത്തിൽ, റോഡരികിൽ കിടന്ന് ഉറങ്ങിയിരുന്ന രണ്ട് വയസുകാരിക്ക് നേരെ കാര്‍ പാഞ്ഞുകയറി അപകടം. അപകടത്തിൽ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. മുംബൈ കലാച്ചോവ്കിയില്‍ നടന്ന അപകടത്തില്‍ ചന്ദ്ര വജന്‍ദാരാണ് മരിച്ചത്. ചന്ദ്രയുടെ 11 വയസുകാരനായ മൂത്ത സഹോദരന്‍ ഷൈലു വജന്‍ദാറിനും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ലാല്‍ബഗ്ച രാജാ ഗണപതി മണ്ഡലിന് മുന്നിലാണ് അപകടം നടന്നത്.
കാറിന്റെ അതിവേഗതയാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അപകടത്തിന് പിന്നാലെ കാര്‍ നിര്‍ത്താതെ പോയെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന് ശേഷം ഇരുവരെയും കെഇഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചന്ദ്രയെ രക്ഷിക്കാനായില്ല. അപകടം വരുത്തിയ കാറിന്റെ ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.





