Kozhikode

തൊണ്ടയാട് മേൽപാലത്തിനടിയിൽ പൂന്തോട്ടം കയ്യേറി വാഹന പാർക്കിങ്

Please complete the required fields.




കോഴിക്കോട് : തൊണ്ടയാട് മേൽപാലത്തിനടിയിൽ പൂന്തോട്ടം കയ്യേറി വാഹന പാർക്കിങ് അനധികൃതമെന്നു കോർപറേഷൻ. മാർച്ച് 1 മുതൽ പാലത്തിനടിയിൽ വാഹന പാർക്കിങ് അനുവദിക്കില്ലെന്ന് ദേശീയപാത നിർമാണ കമ്പനിയായ കെഎംസി കൺസ്ട്രക്‌ഷൻ ഗ്രൂപ്പും അറിയിച്ചു. ഇതോടെ ദേശീയപാത അതോറിറ്റിയുടെ കീഴിൽ വരുന്ന ഈ ഭാഗത്ത് നിർത്തിയിടുന്ന വാഹനങ്ങൾ മാർച്ച് ഒന്നിനു ശേഷം പൊലീസിനു മാറ്റേണ്ടി വരും.

ഈ സ്ഥലം നേരത്തേ സുരക്ഷിത മേഖലയാക്കുകയും ഒഴിഞ്ഞുകിടന്ന ഭാഗത്ത് ദേശീയപാത അതോറിറ്റി പൂന്തോട്ടം നിർമിക്കുകയുമായിരുന്നു. പൂന്തോട്ടം കയ്യേറി ചരക്കുലോറികളും ടൂറിസ്റ്റ് വാഹനങ്ങളും നിർത്തുന്നതു പതിവായതും പ്രദേശത്ത് മാലിന്യം വർധിച്ച് യാത്ര ദുരിതമാകുകയും ചെയ്തത് സംബന്ധിച്ച് മനോരമ വാർത്ത നൽകിയിരുന്നു. മാർച്ച് 1 മുതൽ പാലത്തിന് അടിയിൽ വടക്കുവശം മുഴുവനായും പ്രവേശനം നിരോധിച്ച് ഇരുമ്പ് ഷീറ്റ് ഉപയോഗിച്ചു മറയ്ക്കുമെന്നു കെഎംസി അധികൃതർ പറഞ്ഞു.

ഈ ഭാഗം വ‍ൃത്തിയാക്കുകയും ആറുവരിപ്പാത നിർമാണവുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ സൂക്ഷിപ്പു കേന്ദ്രമാക്കി മാറ്റുകയും ചെയ്യും. ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള ഈ സ്ഥലത്ത് പാർക്കിങ് അനുവദിച്ചിട്ടില്ലെന്ന് കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷ കെ.കൃഷ്ണകുമാരി പറഞ്ഞു. സ്ഥലം മാലിന്യം നിറഞ്ഞ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ഇടപെട്ട് പ്രശ്നപരിഹാരം കാണും. ദേശീയപാത അതോറിറ്റി അനുവദിക്കുകയാണെങ്കിൽ ഈ സ്ഥലത്ത് കൃത്യതയോടെ പാർക്കിങ് സംവിധാനം നടപ്പാക്കുമെന്ന് കോർപറേഷൻ ആസൂത്രണ വിഭാഗം അധികൃതരും വ‍്യക്തമാക്കി.

നഗരത്തിൽ പാർക്കിങ്ങിനു സ്ഥലക്കുറവുള്ള സാഹചര്യത്തിൽ ഒഴിഞ്ഞുകിടന്ന ഈ മേഖലയിൽ ദേശീയപാത അതോറിറ്റി ആവശ്യപ്പെടുന്നതു വരെ വാഹന പാർക്കിങ്ങിനു താൽക്കാലിക അനുമതി നൽകുക മാത്രമാണ് ചെയ്തതെന്നു ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ (നോർത്ത്) പി.കെ.രാജു പറഞ്ഞു. യാത്രയ്ക്കിടയിൽ വിശ്രമിക്കാൻ നിർത്തുന്നതിനു ചരക്കു ലോറികൾക്കും ദീർഘദൂര ടൂറിസ്റ്റ് വാഹനങ്ങൾക്കും നഗരപരിധിയിലോ റോഡരികിലോ സൗകര്യമില്ല. ഇതിനു മാത്രമാണ് അനുമതിയെന്നു പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Back to top button