
കോഴിക്കോട് : വെള്ളയിൽ പുതിയകടവ് ആവിക്കൽത്തോടിനു സമീപത്തെ നിർദിഷ്ട ശുചിമുറി മാലിന്യ പ്ലാന്റിനെച്ചൊല്ലി വനിതാ കൗൺസിലർമാർ തമ്മിൽ വാഗ്വാദം. മുസ്‌ലിം ലീഗ് വനിതാ കൗൺസിലറെ അശ്ലീല വാക്പ്രയോഗം നടത്തി അപമാനിച്ചുവെന്നാരോപിച്ച് സിപിഎമ്മിന്റെ വനിതാ കൗൺസിലർക്കെതിരെ ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മേയർക്കും പരാതി നൽകി. ആവിക്കൽതോട് ജനകീയ സമരസമിതി പ്രവർത്തകർ കോർപറേഷനിലേക്ക് മാർച്ചും പ്രതിഷേധസമരവും നടത്തി. കോർപറേഷൻ ഓഫിസിൽ കയറി വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് സിപിഎം കൗൺസിലറും പൊലീസിൽ പരാതി നൽകി. ഇടതു കൗൺസിലർമാർ കോർപറേഷൻ ഓഫിസിൽ ധർണ നടത്തി.
കോർപറേഷൻ ജീവനക്കാരുടെ സംഘടനയും പ്രതിഷേധസമരം നടത്തി. രാവിലെ കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷന്റെ ഓഫിസിലാണ് സംഭവം. കഴിഞ്ഞ ദിവസം നടന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ ആവിക്കൽത്തോട് സംബന്ധിച്ചുണ്ടായ വിവാദങ്ങൾ മാധ്യമങ്ങളിലൂടെ പൊതുജനങ്ങൾ അറിഞ്ഞിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ സമരസമിതി നടത്തിയ മനുഷ്യശൃംഖലയുടെ വേദിയിൽ വിവരിച്ചുവെന്ന് പറഞ്ഞാണ് അരക്കിണർ കൗൺസിലർ ടി.കെ.ഷമീന അധിക്ഷേപിച്ചതെന്ന് വെള്ളയിൽ കൗൺസിലർ സൗഫിയ അനീഷ് പറഞ്ഞു. മോശം പരാമർശങ്ങളുണ്ടായതോടെ സൗഫിയ അനീഷ് മേയർ ബീന ഫിലിപ്പിനു പരാതി നൽകി. യുഡിഎഫ് പ്രതിപക്ഷകക്ഷി നേതാവ് കെ.സി.ശോഭിത,
ഉപനേതാവ് കെ.മൊയ്തീൻകോയ, എസ്.കെ.അബൂബക്കർ, എം.സി. സുധാമണി, കെ. നിർമല, കെ.പി.രാജേഷ് കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു. തുടർന്നാണ് ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എസ്ഡിപിഐ പ്രവർത്തകർ ഓഫിസിൽ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് കൗൺസിലർ ഷമീനയും പൊലീസിൽ പരാതി നൽകി. വാർഡിലെ ജനകീയസമരത്തിനു പിന്തുണ കൊടുത്തതിന്റെ പേരിൽ ലീഗ് കൗൺസിലർ സൗഫിയ അനീഷിനെ വ്യക്തിപരമായി അധിക്ഷേപിച്ച സംഭവത്തിൽ മുസ്‌ലിം ലീഗ് പുതിയകടവ് കമ്മിറ്റി പ്രതിഷേധിച്ചു.
പ്രസിഡന്റ് എൻ.പി. ഉസ്മാൻ ഹാജി അധ്യക്ഷനായിരുന്നു. ജന.സെക്രട്ടറി കെ.പി.സക്കീർ, ബഷീർ പണിക്കർ റോഡ്, ഹംസു കുന്നുമ്മൽ തുടങ്ങിയവർ പ്രസംഗിച്ചു. കോർപറേഷൻ ഓഫിസിൽ അതിക്രമിച്ചുകയറി ജീവനക്കാരുടെ മുന്നിൽവച്ച് എൽഡിഎഫ് കൗൺസിലർ ടി.കെ.ഷമീനയ്ക്കു നേരെ വധഭീഷണി മുഴക്കിയെന്നാരോപിച്ച് കോർപറേഷൻ ജീവനക്കാരുടെ സംഘടനയായ കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂണിയനും പ്രതിഷേധസമരം നടത്തി. സംസ്ഥാന സെക്രട്ടറി വി.പി.ഉണ്ണിക്കൃഷ്ണൻ, ജില്ലാ സെക്രട്ടറി എൻ.പി.മുസ്തഫ, ടി.അനിൽകുമാർ, ജിനേഷ് രമേശൻ തുടങ്ങിയവർ പ്രസംഗിച്ചു.





