ഭക്ഷ്യക്കിറ്റിലെ തട്ടിപ്പ് : ആരോപണ വിധേയയെ തിരിച്ചെടുക്കാൻ താത്‌കാലിക ജീവനക്കാരിയെ പുറത്താക്കി

എലത്തൂർ: സൗജന്യ ഭക്ഷ്യക്കിറ്റിലെ സാധനങ്ങളുടെ അളവിൽ തട്ടിപ്പ് കാണിച്ച സംഭവത്തിൽ മാനേജരോടൊപ്പം ജോലിയിൽനിന്ന് മാറ്റിനിർത്തിയ സപ്ലൈകോയിലെ താത്‌കാലിക ജീവനക്കാരിയെ തിരിച്ചെടുക്കാൻ എട്ടുവർഷമായി ജോലിചെയ്യുന്ന മറ്റൊരു താത്‌കാലിക ജീവനക്കാരിയെ പുറത്താക്കി.
കുണ്ടൂപ്പറമ്പ് മാവേലിസ്റ്റോറിൽ ജോലിചെയ്തിരുന്ന കുണ്ടൂപ്പറമ്പ് സ്വദേശിനി റീനയെയാണ് പിരിച്ചുവിട്ടത്.
റേഷൻകടകളിലേക്ക് വിതരണംചെയ്ത ഭക്ഷ്യക്കിറ്റിൽ കൃത്രിമം കാണിച്ചത് പിടിക്കപ്പെട്ടതിനെ തുടർന്ന് കുണ്ടൂപ്പറമ്പ് ശാഖാ മാനേജരുടെ ചുമതല വഹിച്ച കബീറിനെ കാസർകോട്ടേക്ക് സ്ഥലം മാറ്റിയിരുന്നു.
ജോലിയിൽനിന്ന് മാറ്റിനിർത്തിയ ജീവനക്കാരിയെ തിരിച്ചെടുത്തതോടെയാണ് റീനയോട് ജോലിക്ക് വരേണ്ടന്ന് അധികൃതർ നിർദേശിച്ചത്.
സപ്ലൈകോ റീജണൽമേനേജരുടെ നിർദേശപ്രകാരം നടന്ന പരിശോധനയിലാണ് ആറോളം സാധനങ്ങളുടെ അളവിൽ അന്ന് വ്യത്യാസം കണ്ടെത്തിയത്. ഭക്ഷ്യധാന്യങ്ങൾ പാക്ക് ചെയ്തത് രഹസ്യമായിട്ടായിരുന്നുവെന്ന് നേരത്തേ തന്നെ പരാതിയുണ്ട്.