ആറുവർഷം നീണ്ട ക്രൂരതയ്ക്ക് 116 വർഷം കഠിനതടവ്; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 50കാരന് ചരിത്രപരമായ ശിക്ഷ

മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയയാളെ 116 വർഷം കഠിന തടവിന് ശിക്ഷിച്ച് മൂവാറ്റുപുഴ പോക്സോ കോടതി. 6,85,000 രൂപ പിഴയും ഒടുക്കണം.
മൂവാറ്റുപുഴ പെരിങ്ങഴ പരപ്പനാട്ട് വീട്ടിൽ മണിയപ്പനെ (50) യാണ് പോക്സോ സ്പെഷ്യൽ ജഡ്ജി എ. സമീർ ശിക്ഷിച്ചത്. മൂവാറ്റുപുഴ പോക്സോ കോടതി നൽകുന്ന ഏറ്റവും കൂടിയ കാലത്തെ തടവുശിക്ഷയാണിത്. മറ്റൊരു കേസിൽ 80 വർഷം തടവ് വിധിച്ചിരുന്നു.
2018 മുതൽ 2024 വരെയാണ് പെൺകുട്ടി പീഡനത്തിനിരയായത്. ഏഴാംക്ലാസിൽ പഠിക്കുന്ന കാലം മുതൽ ആറുവർഷം നിരന്തര പീഡനത്തിന് ഇരയാക്കിയതായി പെൺകുട്ടി പോലീസിന് മൊഴി നൽകിയിരുന്നു. ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലായിരുന്ന പെൺകുട്ടി അവിടത്തെ കൗൺസലറോടാണ് വിവരങ്ങൾ പറഞ്ഞത്.
കൗൺസലർ മൂവാറ്റുപുഴ പോലീസിനെ അറിയിച്ചതിനേത്തുടർന്ന് സബ് ഇൻസ്പെക്ടർ എസ്.എൻ. സുമിതയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയായിരുന്നു. ഇതോടെയാണ് വർഷങ്ങൾ നീണ്ട നിരന്തരപീഡനത്തിന്റെ യഥാർഥ വിവരങ്ങൾ പുറത്തുവന്നത്.തുടർന്ന് പോലീസ് ഇൻസ്പെക്ടർമാരായ കെ. ഉണ്ണികൃഷ്ണൻ, ബേസിൽ തോമസ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ. ജമുന ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ ലെയ്സൺ ഓഫീസർ ലേഖ പി. സുരേഷാണ് ഏകോപിപ്പിച്ചത്.





