താമരവിട്ട് തറവാട്ടിലേക്ക്; പത്മജ വേണുഗോപാൽ കോൺഗ്രസ്സിലേക്ക് തിരികെയെത്തുന്നു; നാളെ രാജി നൽകും

തിരുവനന്തപുരം: പത്മജ വേണുഗോപാൽ ബിജെപിവിടുന്നു. നാളെ ഔദ്യോഗികമായി പാർട്ടിയിൽ നിന്ന് രാജിവെക്കുമെന്നാണ് വിവരം. കൂടാതെ, വീണ്ടും കോൺഗ്രസിലേക്ക് തന്നെ തിരിച്ചുപോകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
പാർട്ടിയിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന അതൃപ്തിയെ തുടർന്ന് മാസങ്ങളായി പത്മജ സജീവ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. 2024 മാർച്ചിലാണ് പത്മജ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ മത്സരിച്ചതെന്ന് അവർ നേരത്തെ വ്യക്തമാക്കിയിരുന്നു.
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും ഉന്നത പദവികൾ നൽകാമെന്നായിരുന്നു ബിജെപി നൽകിയിരുന്ന വാഗ്ദാനമെന്നാണ് സൂചന. ഗവർണർ പദവിയോ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനമോ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സംസ്ഥാന കമ്മിറ്റി തന്നെ അവഗണിച്ചതായാണ് പത്മജയുടെ നിലപാട്.





