India

സ്വകാര്യ സ്കൂളിന്റെ മറവിൽ മതപരിവർത്തന ശ്രമം? ഭക്ഷണവും സാധനങ്ങളും നൽകി കുട്ടികളെ പ്രലോഭിപ്പിച്ചെന്ന പരാതിയിൽ നാല് യുവതികൾ അറസ്റ്റിൽ

Please complete the required fields.




ഗുരുഗ്രാം: സ്വകാര്യ സ്കൂളിന്റെ മറവിൽ ചേരിപ്രദേശങ്ങളിലെ കുട്ടികളെ ക്രൈസ്തവ മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ നാല് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാം ഘാട്ട ഗ്രാമത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂളിൽ നടത്തിയ പരിശോധനയെത്തുടർന്നാണ് നടപടി.

ഡൽഹി സ്വദേശിനി സുമൻ കുമാരി (21), മണിപ്പൂർ സ്വദേശിനി രാജ്കുമാരി ചാവോബ സിങ് (36), നേപ്പാൾ സ്വദേശിനി അഷ്മിത ചഹാർ (35), മിസോറം സ്വദേശിനി ലാൽനുൻപുയി (31) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച സെക്ടർ 56 പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ പരിശോധന.

ഘാട്ട ഗ്രാമത്തിലെ എസ്.പി.ആർ റോഡിന് സമീപം സർവീസ് സ്റ്റേഷനോട് ചേർന്നുള്ള താൽക്കാലിക മുറികളിലാണ് ചേരിയിലെ കുട്ടികൾക്കായി ഇവർ സ്കൂൾ നടത്തിയിരുന്നത്. കുട്ടികൾക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും നൽകി പ്രലോഭിപ്പിച്ച് ക്രൈസ്തവ മതം സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നതായാണ് പരാതിയിൽ ആരോപിക്കുന്നത്.

പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം പരിശോധന നടത്തുകയും അവിടെയുണ്ടായിരുന്ന നാല് യുവതികളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ മതപരിവർത്തന ശ്രമവുമായി ബന്ധപ്പെട്ട കുറ്റകൃത്യം നടന്നതായി സംശയിക്കുന്നതായും സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

Related Articles

Back to top button