ഭർത്താവ് ക്ഷേത്രത്തിൽ പോയി തിരികെ എത്തിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ച മൃതദേഹങ്ങൾ; മട്ടന്നൂരിലെ മരണത്തിൽ അന്വേഷണം ഊർജിതം

കണ്ണൂർ: മട്ടന്നൂരിൽ അമ്മയെയും മകനെയും വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മട്ടന്നൂർ ലയൺസ് ക്ലബ്ബ് റോഡിലെ ‘നന്ദനം’ വീട്ടിൽ ജ്യോതി (56), മകൻ നവീൻ കൃഷ്ണൻ (22) എന്നിവരാണ് മരിച്ചത്. വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ രക്തത്തിൽ കുളിച്ചുകിടന്ന ഇരുവരെയും ഉടൻ തന്നെ മട്ടന്നൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെയാണ് സംഭവം പുറംലോകമറിയുന്നത്. ജ്യോതിയുടെ ഭർത്താവും റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനുമായ ജയകൃഷ്ണൻ രാവിലെ ക്ഷേത്രത്തിൽ പോയി തിരികെ എത്തിയപ്പോഴാണ് ഇരുവരെയും മുകൾനിലയിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും ദേഹമാസകലം വെട്ടേറ്റ മുറിവുകളുണ്ടായിരുന്നു.
തില്ലങ്കേരി സി.എച്ച്. മുഹമ്മദ് കോയ സ്മാരക സ്കൂളിലെ റിട്ട. ഹെഡ്മിസ്ട്രസാണ് കൊല്ലപ്പെട്ട ജ്യോതി. മകൻ നവീൻ കൃഷ്ണൻ വീട്ടിലിരുന്ന് പി.എസ്.സി പരീക്ഷകൾക്കായി തയ്യാറെടുക്കുകയായിരുന്നു. മൂത്ത മകൻ നവനീത് എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.
സംഭവത്തിൽ മട്ടന്നൂർ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വീടിനുള്ളിലേക്ക് പുറത്തുനിന്ന് ആരും അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങളില്ല. അമ്മയും മകനും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന്, അമ്മയെ വെട്ടിക്കൊന്ന ശേഷം മകൻ സ്വയം ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.





