Thiruvananthapuram

എസ്.എഫ്.ഐ.ഒ നടപടികൾക്ക് സ്റ്റേയുള്ളപ്പോൾ ഇ.ഡി തോളിൽ കയറുന്നു: ടി വീണ ഹൈക്കോടതിയില്‍

Please complete the required fields.




തിരുവനന്തപുരം: സി.എം.ആർ.എൽ – എക്‌സാലോജിക് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) പരാതിക്കാരനുമെതിരെ രൂക്ഷമായ വാദങ്ങളുമായി ടി. വീണ. എസ്.എഫ്.ഐ.ഒയുടെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ, അത് മറികടന്നാണ് ഇ.ഡി നീക്കം നടത്തുന്നതെന്ന് വീണ കോടതിയെ അറിയിച്ചു.

കേസിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ നിലനിൽക്കില്ലെന്നും പരാതിക്കാരനായ കെ.എം. ഷാജഹാന് രാഷ്ട്രീയ അജണ്ടയാണെന്നും വീണ വാദിച്ചു. സി.എം.ആർ.എൽ – എക്‌സാലോജിക് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

വിഷയത്തിൽ സിംഗിൾ ബെഞ്ച് ജഡ്ജി അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥാനത്തേക്ക് മാറിയെന്നും ഭരണനിർവഹണ വിഭാഗത്തിന്റെ ചുമതലയാണ് നിർവഹിച്ചതെന്നും വാദത്തിനിടെ ചൂണ്ടിക്കാണിച്ചു. എതിർകക്ഷികൾക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകിയില്ല. അന്വേഷണം നടത്തുന്നത് സംസ്ഥാന ഏജൻസിയുടെ സ്വതന്ത്ര തീരുമാനത്തിന് വിധേയമാണെന്നും, സമാന കേസിൽ എസ്.എഫ്.ഐ.ഒ സമർപ്പിച്ച കുറ്റപത്രത്തിന്മേൽ സ്റ്റേ നിലനിൽക്കുന്നുണ്ടെന്നും കോടതിയെ ധരിപ്പിച്ചു.

എസ്.എഫ്.ഐ.ഒയുടെ തുടർനടപടികൾ ഡൽഹി ഹൈക്കോടതി വിലക്കിയിട്ടുണ്ടെന്നും ടി. വീണ വ്യക്തമാക്കി. പരാതിക്കാരന് രാഷ്ട്രീയ അജണ്ടയാണെന്ന വാദം ഉയര്‍ന്നപ്പോൾ കെ.എം. ഷാജഹാൻ രാഷ്ട്രീയക്കാരനാണോ എന്ന് ഹൈക്കോടതി ചോദിച്ചു. തുടർന്ന്, അദ്ദേഹം മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്‌സണൽ സ്റ്റാഫംഗമായിരുന്നുവെന്നും പിന്നീട് സി.പി.ഐ.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയാണെന്നും ടി. വീണ വ്യക്തമാക്കുകയായിരുന്നു.

Related Articles

Back to top button