
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. പവന്റെ കണക്കിൽ 640 രൂപ താഴ്ന്നു. ഇതോടെ കേരളത്തിൽ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 13,490 രൂപയും പവന് 1,07,920 രൂപയുമായി.കഴിഞ്ഞ ദിവസങ്ങളിൽ റെക്കോർഡ് കുതിപ്പ് തുടർന്ന സ്വർണവിലയ്ക്ക് ഇന്നത്തെ ഇടിവ് ചെറിയ ആശ്വാസമായിരിക്കുകയാണ്.
അന്താരാഷ്ട്ര വിപണിയിലെ വിലയിലുണ്ടാകുന്ന കയറ്റിറക്കങ്ങളാണ് പ്രാദേശികമായി സ്വർണവിലയെയും സ്വാധീനിക്കുന്നത്. ഡോളറിന്റെ മൂല്യത്തിലും ക്രൂഡ് ഓയിൽ വിലയിലും ഉണ്ടാകുന്ന ചാഞ്ചാട്ടമാണ് സ്വർണ വിപണിയിൽ പ്രതിഫലിക്കുന്നത്. സ്വർണവില താഴ്ന്നത് ഏറ്റവും കൂടുതൽ ആശ്വാസമാകുന്നത് കല്യാണ വീട്ടുകാർക്കാണ്. വിവാഹ സീസൺ അടുത്തതോടെ ഒരു പവൻ സ്വർണത്തിന് പോലും ഒരു ലക്ഷത്തിന് മുകളിൽ നൽകേണ്ടി വരുന്ന അവസ്ഥയിലായിരുന്നു.
പവന് ലക്ഷത്തിന് മുകളിൽ തുടരുന്ന വില കല്യാണ വീട്ടുകാരുടെ ബജറ്റ് താളം തെറ്റിച്ചിരുന്നു. ഇപ്പോഴത്തെ ചെറിയ ഇടിവ് പോലും വിവാഹ ആവശ്യങ്ങൾക്ക് സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്നു. വില ഇനിയും താഴുമെന്ന പ്രതീക്ഷയിലാണ് പലരും.അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 30 രൂപയിലും 10 ഗ്രാമിന് 2,300 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.





