Thiruvananthapuram

കുഴഞ്ഞുവീണ അയൽവാസിയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരാളും കുഴഞ്ഞുവീണു; ഇരുവർക്കും ദാരുണാന്ത്യം

Please complete the required fields.




തിരുവനന്തപുരം: വീട്ടിൽ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കവേ അയൽവാസിയും കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം കോവളം വണ്ടിത്തടത്ത് കുരിശടിക്ക് സമീപം കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.

വണ്ടിത്തടം സ്വദേശികളായ സുരേഷ് (44), അയൽവാസി അജി (52) എന്നിവരാണ് മരിച്ചത്. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.

ബാങ്കിൽ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന സുരേഷാണ് ആദ്യം വീട്ടിൽ കുഴഞ്ഞുവീണത്. വൈകുന്നേരം ശുചിമുറിയിലേക്ക് പോയ സുരേഷിനെ ഏറെനേരമായിട്ടും കാണാതായതോടെ ഭാര്യ അന്വേഷിച്ചെത്തുകയായിരുന്നു. അപ്പോഴാണ് ശുചിമുറിയിൽ കുഴഞ്ഞുവീണ നിലയിൽ സുരേഷിനെ കണ്ടെത്തിയത്.

തുടർന്ന് സുരേഷിനെ ആശുപത്രിയിലെത്തിക്കുന്നതിനായി അയൽവാസികൾ ഉൾപ്പെടെയുള്ളവർ സഹായത്തിനെത്തി. വീട്ടിൽനിന്ന് പ്രധാന റോഡിലേക്ക് ഏകദേശം 150 മീറ്റർ ദൂരമുണ്ടായിരുന്നതിനാൽ സുരേഷിനെ എടുത്തുകൊണ്ടുപോയാണ് ആംബുലൻസിന് സമീപത്തെത്തിച്ചത്.
അയൽവാസിയായ അജിയും സുരേഷിനെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിൽ പങ്കാളിയായിരുന്നു. എന്നാൽ ആംബുലൻസിന് സമീപമെത്തിയപ്പോൾ അജി അപ്രതീക്ഷിതമായി കുഴഞ്ഞുവീഴുകയായിരുന്നു.

ഇതോടെ രണ്ടുപേരെയും അടിയന്തരമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു.

Related Articles

Back to top button