Kozhikode

കോൺഗ്രസും സി.പി.എമ്മും നിരാശാവാദികൾ; കുമ്മനം രാജശേഖരൻ

Please complete the required fields.




കോഴിക്കോട് : രാജ്യത്തിന്റെ പലഭാഗങ്ങളിൽ അധികാരത്തിൽനിന്ന് ജനം പുറത്താക്കിയതിനാൽ കോൺഗ്രസും സി.പി.എമ്മും നിരാശാവാദികളായെന്ന് ബി.ജെ.പി. മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇന്ത്യ മുന്നണി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നെന്നാരോപിച്ച് ബി.ജെ.പി. സിറ്റി ജില്ലാകമ്മിറ്റി നടത്തിയ പ്രതിഷേധ ജനസഭ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഇവിടെ ഒന്നും വേണ്ടാ, സർവതും നശിക്കണം എന്നാഗ്രഹിക്കുന്നവരാണ് ഡൽഹിയിൽ സമരം നടത്തുന്നത്. അവർക്ക് നാടുനന്നാവണം എന്നില്ല. ആർക്കെതിരേയാണ് സമരം ചെയ്യുന്നതെന്നുപോലും അറിയാത്തവരാണ് ഡൽഹിയിൽ സമരാഭാസം നടത്തുന്നത്. സംശുദ്ധമായ തിരഞ്ഞെടുപ്പുപ്രക്രിയയുണ്ടാക്കാനായി ശ്രമിക്കുമ്പോൾ എന്തിനാണ് സംശയിക്കുന്നത്. അതിൽ രാഷ്ട്രീയം കലർത്തുന്നതെന്തിനാണെന്ന് കുമ്മനം ചോദിച്ചു.

എല്ലാസമരങ്ങളെയും തച്ചുടച്ച പാരമ്പര്യമാണ് കോൺഗ്രസിനുള്ളത്. പിണറായി വിജയനും വി.ഡി. സതീശനും ഏതെങ്കിലും അവകാശസമരത്തെ മാന്യമായി നേരിട്ടിട്ടുണ്ടോ. ഒരു അവകാശസമരത്തെയും തച്ചുടയ്ക്കാൻ ബി.ജെ.പി. ശ്രമിച്ചിട്ടില്ല. ഡൽഹിയിൽ സമരംചെയ്യുന്നവർ ഭരണഘടനാസ്ഥാപനങ്ങളെ സ്തംഭിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി. സിറ്റി ജില്ലാ അധ്യക്ഷൻ കെ.പി. പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെൽ കോഡിനേറ്റർ വി.കെ. സജീവൻ, സംസ്ഥാനസെക്രട്ടറി കെ. രഞ്ജിത്ത്, ദേശീയസമിതി അംഗം കെ.പി. ശ്രീശൻ, ജില്ലാ ജനറൽ സെക്രട്ടറി ടി.വി. ഉണ്ണികൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി രമ്യ മുരളി, സംസ്ഥാനസമിതി അംഗങ്ങളായ ഹരിദാസ് പൊക്കിണാരി, തിരുവണ്ണൂർ ബാലകൃഷ്ണൻ, സരിത പറയേരി, എം.പി. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button