Thrissur

മുറി തുറന്നതും പ്രാണൻ പിടഞ്ഞ് ചോരയൊലിപ്പിച്ച് വിസ്മയ ഓടി, ആശുപത്രിയിലെത്തിക്കാനുള്ള വെപ്രാളത്തിനിടെ മുറിയിലെ കുഞ്ഞിനെ ഓർത്തില്ല, ഈ തക്കത്തില്‍ ദക്ഷിന്റെയും കഴുത്തറുത്ത് വിജേഷ്

Please complete the required fields.




തൃശൂര്‍: അങ്ങേയറ്റം ദാരുണമായ ഇരട്ടക്കൊലപാതകത്തിനാണ് ഇന്ന് തൃശൂര്‍ വലപ്പാട് ബീച്ച് സാക്ഷിയായത്. ഇരുപത്തിനാലുകാരിയായ അമ്മയും നാലര വയസുകാരനായ മകനും കൊല്ലപ്പെട്ട വാര്‍ത്ത കേട്ട ഞെട്ടലിലാണ് നാട്.

ഭാര്യയെയും മകനെയും ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് വിജേഷ് (44) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ഇരട്ടക്കൊലപാതകം.

ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ദമ്പതികള്‍ക്കിടയില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഉള്ളതായി ബന്ധുക്കള്‍ക്കോ അയല്‍ക്കാര്‍ക്കോ അറിവില്ല. തൃശൂരില്‍ ലോറി ഡ്രൈവറാണ് വിജേഷ്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം വിസ്മയയുടെ വലപ്പാട്ടെ വീട്ടിലെത്തും.വിസ്മയയുടെ അമ്മയും സഹോദരനും ഒരു മുറിയിലും വിജേഷും വിസ്മയയും കുഞ്ഞും അടുത്ത മുറിയിലുമാണ് കിടക്കുന്നത്. ഇന്നലെ രാത്രി വീട്ടിലെത്തിയ വിജേഷ് പതിവുപോലെ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം ഉറങ്ങാന്‍ കിടന്നതാണ്.

പുലര്‍ച്ചെ ഒന്നരയോടെ വിസ്മയയുടെ നിലവിളി കേട്ടാണ് സഹോദരന്‍ ഞെട്ടിയുണര്‍ന്ന് ദമ്പതികള്‍ കിടന്ന മുറിയുടെ വാതില്‍ തള്ളിത്തുറന്നത്. വാതില്‍ തുറന്നയുടന്‍ കഴുത്ത് മുറിഞ്ഞ് ചോരയൊഴുകുന്ന നിലയില്‍ വിസ്മയ പുറത്തേക്ക് ഓടുകയായിരുന്നു.ഏകദേശം 200 മീറ്ററോളം റോഡിലൂടെ വിസ്മയ ഓടിയതായി സമീപവാസികള്‍ പറയുന്നു. വീടിന്റെ വരാന്ത മുതല്‍ വിസ്മയ ഓടിയ റോഡിലുടനീളം രക്തം ഒഴുകിക്കിടപ്പുണ്ട്. വിസ്മയയുടെ പിന്നാലെ അമ്മയും സഹോദരനും ഓടി. മകളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാനായിരുന്നു അവര്‍ ചിന്തിച്ചത്.

അപ്പോഴും മുറിയില്‍ കുഞ്ഞുള്ള കാര്യം ഓര്‍ത്തില്ല. ഈ സമയം വിജേഷ് നാലര വയസുകാരനായ ദക്ഷിന്റെയും കഴുത്തറുക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഉടന്‍ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും വിസ്മയയുടെയും കുഞ്ഞിന്റെയും മരണം സ്ഥിരീകരിച്ചു. വിജേഷ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ്.നാട്ടിക ബീച്ച് സ്വദേശിയായ വിജേഷിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.

Related Articles

Back to top button