വീടുകളിൽ ഉപയോഗിക്കാത്ത മരുന്നുകൾ വ്യാപകം; സുരക്ഷിത നിർമാർജനത്തിന് ബോധവത്കരണം വേണമെന്ന് പഠനം

കോഴിക്കോട്: വീടുകളിൽ ഉപയോഗിക്കാതെ ശേഷിക്കുന്ന മരുന്നുകളുടെയും അവ അശാസ്ത്രീയമായി നിർമാർജനം ചെയ്യുന്നതിലൂടെ ഉണ്ടാകാവുന്ന സാമ്പത്തിക, ആരോഗ്യ, പരിസ്ഥിതി പ്രത്യാഘാതങ്ങളുടെയും പഠനവുമായി കായണ്ണ ജി.എച്ച്.എസ്.എസിലെ സാമ്പത്തികശാസ്ത്ര വിഭാഗവും ഇക്കണോമിക്സ് ക്ലബും. ‘റീ-ലൈഫ് – സുരക്ഷിത ഭാവിക്കായി ഉത്തരവാദിത്വത്തോടെയുള്ള മരുന്നുപയോഗം’ എന്ന പേരിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് തുടർനടപടികൾക്കായി കായണ്ണ പഞ്ചായത്തിന് കൈമാറി.
പഠനത്തിൽ പങ്കെടുത്ത വീടുകളിൽ 62.4 ശതമാനം വീടുകളിലും ഉപയോഗിക്കാതെ ശേഷിക്കുന്ന മരുന്നുകളുണ്ടെന്ന് കണ്ടെത്തി. 50.8 ശതമാനം വീടുകളിൽ ചിലപ്പോഴെങ്കിലും അല്ലെങ്കിൽ പതിവായി മരുന്നുകൾ ശേഷിക്കുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. ചികിത്സ പൂർത്തിയാകും മുമ്പ് മരുന്നുപയോഗം നിർത്തിയവരുടെ ശതമാനം 47.2 ആണ്. അതേസമയം, വീട്ടിൽ കാലാവധി കഴിഞ്ഞ മരുന്നുകളുണ്ടോ എന്ന കാര്യത്തിൽ ഉറപ്പില്ലാത്തവർ 47.6 ശതമാനമാണെന്നും പഠനത്തിൽ പറയുന്നു.
കായണ്ണ പഞ്ചായത്തിലെ 250 കുടുംബങ്ങളെ ഉൾപ്പെടുത്തി 40 വിദ്യാർത്ഥികൾ 20 സംഘങ്ങളായാണ് സർവേ നടത്തിയത്. വീടുകളിൽ ഉപയോഗിക്കാതെ ശേഷിക്കുന്ന മരുന്നുകൾ, ചികിത്സ പൂർത്തിയാക്കുന്നതിന് മുമ്പ് മരുന്നുപയോഗം നിർത്തുന്ന പ്രവണത, കാലാവധി കഴിഞ്ഞ മരുന്നുകളുടെ സാന്നിധ്യം, അവ നിലവിൽ എങ്ങനെ നിർമാർജനം ചെയ്യുന്നു, മരുന്ന് മാലിന്യവുമായി ബന്ധപ്പെട്ട ബോധവത്കരണത്തിന്റെ അവസ്ഥ, സുരക്ഷിതമായി മരുന്നുകൾ തിരിച്ചെടുക്കുന്നതിനുള്ള സംവിധാനത്തോടുള്ള ജനങ്ങളുടെ സമീപനം എന്നിവയാണ് പ്രധാനമായും പഠനവിധേയമാക്കിയത്.





