₹2,700 വിലയുള്ള കാൻസർ മരുന്നിന് ₹27,000 എംആർപി “അത് കൊള്ളയടിക്കലല്ലെങ്കിൽ പിന്നെ മറ്റെന്താണ്?”- ജസ്റ്റിസ് സന്ദീപ് മേത്ത

ന്യൂഡൽഹി: കാൻസർ മരുന്നുകളുടെ നിർമ്മാതാക്കൾ റീട്ടെയിലർമാർക്ക് വിൽക്കുന്ന വിലയും മരുന്നുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന പരമാവധി ചില്ലറ വിൽപ്പന വിലയും (എംആർപി) തമ്മിലുള്ള വലിയ അന്തരത്തിൽ സുപ്രീംകോടതി ആശങ്ക രേഖപ്പെടുത്തി. ₹2,700 രൂപയ്ക്ക് റീട്ടെയിലർക്ക് നൽകുന്ന മരുന്നിന് ₹27,000 എംആർപി നിശ്ചയിച്ച് വിൽക്കാൻ അനുവദിക്കുന്നത് ‘കൊള്ളയടിക്കലിന്’ തുല്യമാണെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. മരുന്നുകളുടെ വില നിയന്ത്രണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഈ നിരീക്ഷണം.
“അത് കൊള്ളയടിക്കലല്ലെങ്കിൽ പിന്നെ മറ്റെന്താണ്?” എന്നാണ് ജസ്റ്റിസ് സന്ദീപ് മേത്ത ചോദിച്ചത്. മരുന്നുകൾ വാങ്ങുന്നതിനായി ആളുകൾ വീടും ആഭരണങ്ങളും വരെ വിൽക്കുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, മരുന്നുകളിൽ അച്ചടിച്ചിരിക്കുന്ന എംആർപിയെക്കാൾ കുറഞ്ഞ വിലയ്ക്കാണ് റീട്ടെയിലർമാർക്ക് മരുന്നുകൾ വിൽക്കുന്നതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
യഥാർഥ വിൽപ്പനവിലയേക്കാൾ പലമടങ്ങ് ഉയർന്ന എംആർപി നിശ്ചയിക്കാൻ നിർമ്മാതാക്കൾക്ക് അനുമതി നൽകുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. “കാൻസർ ചികിത്സയ്ക്കുള്ള അവശ്യ മരുന്നുകളിൽ ചിലതിന് എംആർപി 27,000 രൂപയാണ്. എന്നാൽ പി.ടി.ആർ (Price To Retailer) 2,700 രൂപ മാത്രം. ഇത് തികഞ്ഞ അരാജകത്വമാണ്, പകൽവെളിച്ചത്തിലെ കൊള്ളയാണ്. നിർമ്മാതാവ് റീട്ടെയിലർക്ക് 2,700 രൂപയ്ക്ക് നൽകുന്ന മരുന്നിന് എംആർപി 27,000 രൂപയായി അച്ചടിച്ചിരിക്കുന്നത് എങ്ങനെയാണ്? പത്തിരട്ടി!” എന്നും ജസ്റ്റിസ് സന്ദീപ് മേത്ത വ്യക്തമാക്കി.
ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ട അധികാരികൾ പൂർണമായും നിശ്ശബ്ദരാണെന്നതും അതിശയകരമാണെന്ന് ജസ്റ്റിസ് മേത്ത പറഞ്ഞു. “അതിനുള്ള കാരണം ഞങ്ങൾ പ്രത്യേകം പറയേണ്ടതില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“എന്തിനാണ് ഈ വിലവ്യത്യാസം? യഥാർഥത്തിൽ ഒരു മരുന്ന് അതിന്റെ എംആർപിയുടെ 10 ശതമാനം വിലയ്ക്ക് നിർമ്മാതാവ് റീട്ടെയിലർക്ക് നൽകുന്നുണ്ടെങ്കിൽ, എന്തിനാണ് ഇത്രയും ഉയർന്ന എംആർപി നിശ്ചയിക്കുന്നത്? ഇത്തരത്തിൽ വലിയ അന്തരം എന്തിനാണ്?” എന്നും ജസ്റ്റിസ് മേത്ത ചോദിച്ചു.
മരുന്നുകളുടെ വില നിയന്ത്രണം, ജനറിക് മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, മരുന്ന് കുറിപ്പടി രീതികൾ എന്നിവയുമായി ബന്ധപ്പെട്ട് കിഷൻ ചന്ദ് ജെയിനും ഡോ. സഞ്ജയ് കുൽശ്രേഷ്ഠയും സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് സന്ദീപ് മേത്തയും ജസ്റ്റിസ് വിക്രം നാഥും ഉൾപ്പെട്ട ബെഞ്ചിന്റെ നിരീക്ഷണങ്ങൾ.





