കണ്ടെത്തിയത് ഒരാൾക്ക് കൈവശം വെക്കാവുന്നതിലും അധികം മദ്യം; ആന്റോ അഗസ്റ്റിനെതിരെ കേസെടുക്കും , എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ

വയനാട്: റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച വിദേശ മദ്യം പിടികൂടിയ സംഭവത്തിൽ കേസെടുക്കുമെന്ന് കല്പറ്റ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി ഷറഫുദ്ധീൻ. അബ്കാരി ആകട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയായിരിക്കും കേസെടുക്കുക. ഇന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്യും. വീട്ടുടമ ആന്റോ അഗസ്റ്റിനെതിരെയാണ് കേസ് എടുക്കുകയെന്നും എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വ്യക്തമാക്കി.
റെയ്‌ഡിനിടെ വീട്ടിൽ നിന്ന് 67 ലിറ്ററിലധികം മദ്യശേഖരമാണ് കണ്ടെത്തിയത്.ഒരാൾക്ക് കൈവശം വെക്കാവുന്നതിലും അധികം മദ്യമാണ് വീട്ടിൽ നിന്നും ലഭിച്ചത്. എസ്ഐടി അറിയിച്ചതിനെ തുടർന്നാണ് റെയ്ഡിനായി ഇവിടേക്കെത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പിൽ എസ്ഐടി റിപ്പോർട്ടർ ചാനലിലും ആന്റോയുടെ വീട്ടിലും പരിശോധന നടത്തിയത് 14 മണിക്കൂറോളമാണ്. കളമശേരി പൊലീസ് എടുത്ത എഫ്ഐആറിൽ ഒന്നാം പ്രതിയാണ് ആന്റോ അഗസ്റ്റിൻ. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി രണ്ടാം പ്രതിയാകും. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ബന്ധപ്പെട്ട കരാറിൽ വ്യാജ ഭാഗങ്ങൾ എഴുതി ചേർത്തെന്ന് എഫ്ഐആറിൽ പരാമർശമുണ്ട്.
പ്രതികൾ കുറ്റകരമായ ഗൂഢാലോചന നടത്തി. സർക്കാരിനെയും, ജനങ്ങളെയും കമ്പളിപ്പിച്ചു. അർജന്റീന ഫുട്ബോൾ ടീമുമായി ബന്ധപ്പെട്ട കരാറിൽ നിയമ വിരുദ്ധവും, വ്യാജവുമായ ഭാഗങ്ങൾ എഴുതിച്ചേർത്തു . പ്രതികൾ അന്യമായ ലാഭമുണ്ടാക്കാൻ ശ്രമിച്ചെന്നും FIR ൽ പറയുന്നു.




