
കെന്റ്: കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് പ്രത്യേക പൂജകളും ഹോമങ്ങളും ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു. സെപ്റ്റംബര്‍ 14 തിങ്കളാഴ്ച നടന്ന ചടങ്ങുകളില്‍ നിരവധി ഭക്തര്‍ നേരിട്ടും ഓണ്‍ലൈന്‍ ആയും പങ്കെടുത്തു.രാവിലെ ക്ഷേത്രം തുറന്നതിനെ തുടര്‍ന്ന് നിര്‍മാല്യ ദര്‍ശനം, അഭിഷേകം, മലര് നിവേദ്യം, ഉഷഃപൂജ എന്നിവ നടന്നു. തുടര്‍ന്ന് സൂര്യ കാലടി മഹാഗണപതി ഹോമം ഭക്തിപൂര്‍വം നടത്തി. ക്ഷേത്രത്തിലെ ഗണപതി പ്രതിഷ്ഠ നടത്തിയ തന്ത്രി ബ്രഹ്മശ്രീ സൂര്യ കാലടി മന സൂര്യന് ജയസൂര്യ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍.
രാവിലെ 10 മണിക്ക് കലശപൂജയും 11 മണിക്ക് കലശാഭിഷേകവും നടന്നു. തുടര്‍ന്ന് ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം അടച്ചു.വൈകുന്നേരം ക്ഷേത്രം വീണ്ടും തുറന്നതോടെ പ്രത്യേക ദീപാരാധന നടന്നു. തുടര്‍ന്ന് അത്താഴപൂജയും അപ്പം മൂടലും ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് ശേഷം രാത്രി 9 മണിയോടെ ക്ഷേത്രം അടച്ചു.വിനായക ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ അന്നദാനവും ഒരുക്കിയിരുന്നു. ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും ചേര്‍ന്ന് ആഘോഷങ്ങള്‍ ഭംഗിയായി സംഘടിപ്പിച്ചു. ചടങ്ങുകള്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ സമാപിച്ചു.





