
ഇടുക്കി: ഇടുക്കി, മൂന്നാർ മേഖലകളിൽ ഇന്ന് ശക്തമായ മഴ. ഇന്നുമുതൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
മലയോര മേഖലകളിൽ താമസിക്കുന്നവരും വിനോദ സഞ്ചാരികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ശക്തമായ മഴ തുടരുന്നതിനാൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മറ്റന്നാൾ ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലേർട്ടായിരിക്കും. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല.അതേസമയം, തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് ജാഗ്രതാ നിർദേശം നൽകി. ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചതനുസരിച്ച് തിരുവനന്തപുരം ജില്ലയിൽ കാപ്പിൽ മുതൽ പൊഴിയൂർ വരെയും കൊല്ലത്ത് ആലപ്പാട്ട് മുതൽ ഇടവ വരെയും കണ്ണൂർ-കാസർകോട് ജില്ലകളിൽ വളപട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയുമുള്ള തീരങ്ങളിൽ 15/09/2026 രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.





